ഗൗതമി നായര്‍ വീണ്ടും

Guthamiചെറിയ ഇടവേളയ്ക്ക് ശേഷം ഗൗതമിനായര്‍ വീണ്ടും സിനിമയില്‍ എത്തുന്നു. ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്‌ളേസ് എന്ന സിനിമയിലെ ലക്ഷ്മി എന്ന തമിഴത്തിയായ നഴ്‌സിനെ അവതരിപ്പിച്ച ഗൗതമി നായരെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സിനിമയില്‍ അത്രയേറെ ശ്രദ്ധ പിടിച്ചു പറ്റിയതും ഗൗതമി ആയിരുന്നു.

കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുദേവ് നായകനാവുന്ന ക്യാമ്പസ് ഡയറി എന്ന സിനിമയിലാണ് ഗൗതമി ഇനി അഭിനയിക്കുക. നവാഗതനായ ജീവന്‍ ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീഷ് പാലയാട് ആണ് തിരക്കഥ രചിക്കുന്നത്. നവാഗതനായ പ്രേമാനന്ദ് ഛായാഗ്രഹണം നിര്‍വഹിക്കും.കൃഷ്ണപ്രിയ എന്ന തമിഴ് പെണ്‍കുട്ടിയായാണ് ഗൗതമി എത്തുന്നത്.

ബ്രാഹ്മണ സമുദായത്തില്‍ നിന്ന് രാഷ്്ട്രീയ രംഗത്ത് എത്തുകയാണ് ഗൗതമിയുടെ കഥാപാത്രം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോഴും തന്റെ പരമ്പരാഗത മൂല്യങ്ങള്‍ കൈവെടിയുന്നില്ല കൃഷ്ണപ്രിയ എന്ന കഥാപാത്രം. ഐന്‍ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ മുസ്തഫ, ജോയ് മാത്യു, സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, മറിമായം പരിപാടിയിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

കൂതറ എന്ന സിനിമയിലാണ് ഗൗതമി ഇതിനു മുമ്പ്  അഭിനയിച്ചത്. പിന്നീട് നിരവധി അവസരങ്ങള്‍ ഗൗതമിയെ തേടിയെത്തിയെങ്കിലും പഠനവും പരീക്ഷയും കാരണം ഗൗതമി തല്‍ക്കാലം അഭിനയത്തിന് അവധി നല്‍കുകയായിരുന്നു. സൈക്കോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഗൗതമി ഇപ്പോള്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്.

Related posts