പിലിക്കോട്: ചന്തേര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരെ ചന്തേര സ്വദേശി നല്കിയ നിവേദനത്തിനു നടപടിയായി. ചന്തേര സ്റ്റേഷനില്‍ പ്ലാറ്റ്ഫോമില്ലാത്തതു മൂലം ഇവിടെയെത്തുന്ന യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്ന ആവശ്യവുമായി പ്രദേശത്തെ രമേശന് കുറവാട്ടിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. കഴിഞ്ഞമാസം 19ന് ഡല്‍ഹിയില്‍ ലഭിച്ച പരാതിയില്‍ പത്തു ദിവസത്തിനുള്ളില്‍ മറുപടിയും തിരിച്ചെത്തി.
ഇതനുസരിച്ച് റെയില്‍വേയുടെ അടുത്ത ബജറ്റില്‍ ചന്തേര സ്റ്റേഷനില്‍ പ്ലാറ്റ്ഫോം നിര്‍മാണത്തിന് അനുമതി നല്‍കുമെന്നാണു മറുപടിയില്‍ പറയുന്നത്. എസ്റ്റിമേറ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ തയ്യാറാക്കുന്നതിന് റെയില്‍വേ എന്‍ജിനിയറിംഗ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
രാവിലെയും വൈകുന്നേരവുമായി നാലു പാസഞ്ചര്‍ ടെയിനുകളാണ് ഇവിടെ നിര്‍ത്തുന്നത്. പ്ലാറ്റ്ഫോമില്ലാത്തതിനാല്‍ പ്രായമായവരും രോഗികളും അംഗവൈകല്യമുള്ളവരും ട്രെയിന്‍ കയറാന്‍ അടുത്ത സ്റ്റേഷനില്‍ പോകേണ്ട അവസ്ഥയാണ്. ഇതു യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ മറുപടി പ്രകാരം 2017-18 റെയില്‍ ബജറ്റ് അവതരണത്തിന് ചന്തേര റെയില്‍വേ സ്റ്റേഷനെ ആശ്രയിച്ചു യാത്രചെയ്യുന്നവര്‍ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.