ചന്ദ്രന്‍ വധക്കേസ്: ഏഴു സിപിഎമ്മുകാര്‍കുറ്റക്കാര്‍; ശിക്ഷ ഇന്ന്

ALP-VIDHIചാരുംമൂട്: ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് ആയിരുന്ന വള്ളികുന്നം നെടിയത്ത് ജി. ചന്ദ്രനെ(39) കൊലപ്പെടുത്തിയ കേസില്‍ ഏഴു സിപിഎമ്മുകാര്‍ കുറ്റക്കാരെന്ന് മാവേലിക്കര അഡീഷ}ല്‍ സെഷന്‍സ് കോടതി (മൂന്ന്)  വിധിച്ചു.   വെട്ടിയാര്‍ കോട്ടയ്ക്കകത്ത് ഓമനക്കുട്ടന്‍ (45), റോബിന്‍വില്ലയില്‍ റോഷന്‍(30), സഹോദരന്‍ റോബിന്‍ (25), കോട്ടയ്ക്കകത്ത് പ്രദീപ് (30), സഹോദരന്‍ പ്രവീണ്‍ (27), മുളംകുറ്റിയില്‍ വീട്ടില്‍ സുനില്‍ (37), നെടുങ്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമോന്‍ (60) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.  ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. നിയമവിരുദ്ധമായി സംഘം ചേരല്‍, കൊലപാതകം, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ ചാര്‍ജുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ്  മൂന്നിന് തുടങ്ങിയ വിചാരണയില്‍ 18 സാക്ഷികളെയും. 43 രേഖകളും 11 തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു.  2007 ഏപ്രില്‍ 20ന് വെട്ടിയാര്‍ പഠിപ്പുര ജംഗ്ഷനു സമീപം രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. വെട്ടിയാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ ആക്രമിക്കുന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ  താലൂക്ക് കാര്യവാഹ് ആയിരുന്ന ചന്ദ്രന്‍ രാത്രി എട്ടോടെ  വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ സിപിഎമ്മുകാര്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രനെ പിന്നാലെയെത്തി പഠിപ്പുര ജംഗ്ഷനു സമീപമുള്ള കല്ലുവെട്ടാംകുഴിയില്‍ ഇട്ട് വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.

മാരകമായ 21 മുറിവുകളായിരുന്നു ചന്ദ്രന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. റോഷനും പ്രദീപും വാളുകള്‍ കൊണ്ടും ഓമനക്കുട്ടന്‍ തുഴ ഉപയോഗിച്ചും മറ്റുള്ളവര്‍ ഇരുമ്പ് പൈപ്പ്, കേബിള്‍ എന്നിവ ഉപയോഗിച്ചുമായിരുന്നു ആക്രമണം നടത്തിയത്. തുഴ ഉപയോഗിച്ചുള്ള അടിയില്‍ ചന്ദ്രന്റെ തലപൊട്ടി.  വെട്ടുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് കൈവിരലുകളില്‍ മാരകമായ മുറിവ് ഏറ്റിരുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് പിന്നീട് റോബിന്റെ വീടിനു സമീപത്തുനിന്നും കണ്ടെത്തി.  പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ്.ജി. പടിക്കല്‍, ശ്രീദേവി പ്രതാപ് എന്നിവര്‍ ഹാജരായി.

Related posts