കണ്ണൂര്‍: ചര്‍ക്കയില്‍ നൂല്‍നൂറ്റ് ഖാദി പ്രചാരകനായി രാഷ്ട്രീയജീവിതം ആരംഭിച്ച കേരളത്തിലെ ചുരുക്കം നേതാക്കളില്‍ ഒരാളാണ് കെ.പി. നൂറുദ്ദീന്‍. ഗാന്ധിയന്‍ സന്ദേശങ്ങളില്‍ ആകൃഷ്ടനായ നുറുദ്ദീന്‍ 13ാം വയസില്‍ ചര്‍ക്കയില്‍ ഖാദി നൂല്‍നൂറ്റ് സ്വയം ഖാദി പ്രചാരകനായാണ് രാഷ്ട്രീയരംഗത്തേക്കു കടന്നു വരുന്നത്. ഖാദി എന്നത് ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവവായു തന്നെയായിരുന്നു. ഖാദിയുടെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായിരിക്കെ ഖാദിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ വിവിധങ്ങളായ പദ്ധതികള്‍ അദ്ദേഹം ആവിഷ്കരിച്ചു നടപ്പാക്കി. മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശത്താല്‍ പവിത്രമായതും ഖാദിയുടെ പ്രധാന കേന്ദ്രവുമായ പയ്യന്നൂരില്‍ ഖാദി മ്യൂസിയം കെ.പി. നൂറുദ്ദീന്റെ സ്വപ്‌നമായിരുന്നു. മ്യൂസിയവുമായി ബന്ധപ്പെട്ടുള്ള കെട്ടിടം ഉദ്ഘാടനം ചെയ്‌തെങ്കിലും മ്യൂസിയം പൂര്‍ണാകുന്നത് കാണാന്‍ അദ്ദേഹത്തെ വിധി അനുവദിച്ചില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഖാദി മ്യൂസിയത്തിനു ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഖാദി മ്യൂസിയവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കെയാണ് മരണത്തിനു കീഴടങ്ങുന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായതിനു ശേഷം ഖാദി മേഖലയില്‍ നൂറുദ്ദീന്‍ അഭൂതപൂര്‍വമായ മാറ്റമാണ് സൃഷ്ടിച്ചത്. ഉത്പാദനത്തില്‍ 25 ശതമാനത്തോളം വര്‍ധയുണ്ടാക്കാന്‍ സാധിച്ചു എന്നതാണ് പ്രധാന കാര്യം.
ഖാദിയെ ആധുനികവത്കരിച്ചതിനൊപ്പം നിരവധി തൊഴിലാളി ക്ഷേമ പദ്ധതികളും നടപ്പാക്കി. ആരും തിരിഞ്ഞു നോക്കാതിരുന്ന ഖാദി ഷോറൂമുകളെ മികച്ച വസ്ത്രാലയങ്ങളോടു കിടപിടിക്കുന്ന തരത്തില്‍ മാറ്റിയെടുത്തതിനൊപ്പം ആളുകളെ ഷോറൂമുകളിലെത്തിക്കുന്നതിനു വിപുലമായ സമ്മാനപദ്ധതികളും നടപ്പാക്കിയത് ഇദ്ദേഹമാണ്.
എല്ലാവര്‍ക്കും സാഹിബ്
കണ്ണൂര്‍: കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും സാഹിബ് ആയിരുന്നു ഇന്നലെ അന്തരിച്ച കെ.പി. നൂറുദ്ദീന്‍. സിപിഎം നേതാവും മുന്‍ എംപിയുമായ ടി. ഗോവിന്ദന്‍ മുതല്‍ പുതുതലമുറ നേതാക്കള്‍ വരെ മഹത് വ്യക്തിത്വം എന്നര്‍ഥമുള്ള സാഹിബെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. സര്‍ എന്നാരെങ്കിലും അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. തന്നെ സര്‍ എന്നു വിളിക്കരുതെന്നായിരിക്കും അദ്ദേഹം നല്‍കുന്ന മറുപടി. തന്നെ സാഹിബ് എന്നു വിളിക്കുന്നതാണ് തനിക്കിഷ്ടമെന്ന് അദ്ദേഹംതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ക്കു വിധേയനാകാത്ത മന്ത്രിയും പൊതുപ്രവര്‍ത്തകനുമായിരുന്നു കെ.പി. നൂറുദ്ദീന്‍.
കോണ്‍ഗ്രസില്‍ കുട്ടിനേതാക്കള്‍ വരെ കാറില്‍ യാത്രചെയ്യുമ്പോള്‍ തന്റെ തട്ടകമായ പയ്യന്നൂരില്‍നിന്നു നൂറുദ്ദീന്‍ കണ്ണൂരിലെത്തിയിരുന്നതു ബസിലായിരുന്നു. ബസ് യാത്രയ്ക്കിടെ കുശലാന്വേഷണം നടത്താറുള്ള ഈ നൂറുദ്ദീന്‍ തന്നെയാണോ മുന്‍മന്ത്രിയെന്നു സഹയാത്രക്കാര്‍ കൗതുകത്തോടെ പലപ്പോഴും നോക്കാറുണ്ടായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ കാരണവര്‍ കൂടിയായിരുന്നു നൂറുദ്ദീന്‍. ലീഡര്‍ കെ കരുണാകരന്‍, കോണ്‍ഗ്രസിലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരോടു പ്രത്യേക അടുപ്പം സൂക്ഷിച്ചിരുന്നു. ഇതിനുള്ള തെളിവുകൂടിയായിരുന്നു 2015 മേയ് 15നു കണ്ണൂര്‍ ചേംബര്‍ഹാളില്‍ കെ.പി നൂറുദ്ദീന്റെ ആത്മകഥയായ ‘ആ രീതിയില്‍ മുന്നോട്ടു പോകാം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങ്. മുന്‍ സ്പീക്കറായിരുന്ന എ.സി ജോസിനു നല്‍കി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് പുസ്തകം പ്രകാശനം ചെയ്തത്.