ചികിത്സ പിഴച്ചാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു ഡോക്ടര്‍ കൈയൊഴിയുന്നെന്ന് പരാതി

alp-hospitalആലപ്പുഴ:സ്ത്രീകളുടെയും കുട്ടികളുടെയും മികച്ച ആശുപത്രിക്കുള്ള സംസ്ഥാന ബഹുമതി തുടര്‍ച്ചയായി നേടിയ ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ലഭ്യമാകുന്ന ചികിത്‌സ സംബന്ധിച്ച് പരാതികളേറുന്നു.ആശുപത്രിയിലെ പ്രധാന ഡോക്ടര്‍മാരിലൊരാള്‍ക്കെതിരേയാണ് പരാതികളേറെയും.ചികിത്സ പിഴച്ചാല്‍ ഈ ഡോക്ടര്‍ രോഗിയെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത് കൈയൊഴിയുന്നതായാണ് പ്രധാന ആക്ഷേപം.ഡോക്ടറുടെ ചികിത്സയിലെ അശ്രദ്ധ സംബന്ധിച്ച യുവാവിന്റെ പോസ്റ്റ് നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കടപ്പുറം ആശുപത്രിയിലെ ചികിത്സ പിഴവ് വീണ്ടും പൊതുജനശ്രദ്ധയിലെത്തിച്ചത്.

പോസ്റ്റില്‍ പറയുന്നതിങ്ങനെ ,ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഭാര്യ ആരോപണവിധേയയായ ഡോക്ടറുടെ ചികിത്സയിലായിരുന്നു.കഴിഞ്ഞ നാലിനായിരുന്നു യുവതിയുടെ പ്രസവ തീയതിയെങ്കിലും ഡോക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരി 24ന് കടപ്പുറം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സാധാരണ പ്രസവത്തിന് സാധ്യതയില്ലെന്നും ഓപ്പറേഷന്‍ നടത്തേണ്ടിവരുമെന്നും പറഞ്ഞ ഡോക്ടര്‍ ഇതിനുള്ള അനുമതി പത്രം യുവാവില്‍ നിന്നും ഒപ്പിട്ട് വാങ്ങി.തുടര്‍ന്ന് ഉച്ചക്ക് 12.30യോടെ ഓപ്പറേഷന്‍ നടത്തുകയും യുവതിയെയും കുഞ്ഞിനെയും ഒാപ്പറേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വയര്‍ വീര്‍ത്തിരിക്കുന്നതും യുവതി വിറയ്ക്കുന്നതും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഓപ്പറേഷന്‍ നടത്തിയതിനാലാണെന്ന മറുപടിയാണ്  ബന്ധുക്കള്‍ക്ക് നള്‍കിയത്.രാത്രിയോടെ  യുവതിയുടെ നില വഷളായതിനെത്തുടര്‍ന്ന് ഡോക്ടര്‍ യുവതിയുടെ രക്തം പരിശോധിക്കാന്‍ ബന്ധുക്കളുടെ കൈയില്‍ കൊടുത്തു വിട്ടു. റിസള്‍ട്ട് ലഭിച്ചതിനു ശേഷം യുവതിയുടെ നില സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ബന്ധുക്കളോട് പറയാന്‍ തയ്യാറായതുമില്ല. കുറച്ചു സമയത്തിന്് ശേഷം രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവു കുറവായതിനാല്‍ അടിയന്തിരമായി രക്തം കയറ്റമെന്നു പറഞ്ഞ് രക്തം കയറ്റുകയും ചെയ്തു.

തുടര്‍ന്ന സാധാരണ നില കൈവരിച്ചെങ്കിലും അടുത്ത ദിവസം രാത്രി ഏഴോടെ വീണ്ടും യുവതിക്ക് തലകറക്കവും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോള്‍ ഫിസിഷ്യനെയാണ് കാണിക്കേണ്ടതെന്നും ഫിസിഷ്യനില്ലാത്തതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക്  പോകണമെന്നും പറയുകയും ഡോക്ടര്‍ തന്നെ ആംബുലന്‍സ് വിളിച്ച് നള്‍കുകയും ചെയ്തു.വണ്ടാനത്തെത്തി നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയയിലുണ്ടായ പിഴവു മൂലം ഗുരുതരമായ ആന്തരിക രക്തസ്രാവമുണ്ടെന്നും അതീവ ഗുരുതരാവസ്ഥയിലാണ് രോഗിയെന്നും കണ്ടെത്തിയത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിക്ക് അടിയന്തിരശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിക്കുകയുമായിരുന്നു.ഒരു രാത്രിയും പകലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കഴിഞ്ഞിട്ടും ആന്തരിക രക്തസ്രാവം കണ്ടെത്താന്‍ കഴിയാത്ത ഡോക്ടറുള്ള ആശുപത്രിയില്‍ എങ്ങനെ ചികിത്സ തേടുവെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു.തന്റെ അന്വേഷണത്തില്‍ നിരവധി രോഗികളെ ഇത്തരലത്തിലാക്കിയ ശേഷം ആരോപണവിധേയയായ ഡോക്ടര്‍ കൈയൊഴിഞ്ഞതായി കണ്ടെത്തിയതായും പോസ്റ്റിലുണ്ട്.സംഭവം സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നള്‍കാനൊരുങ്ങുകയാണ് യുവാവ്.

Related posts