ചിരട്ടയില്‍ നെറ്റിപ്പട്ടങ്ങള്‍ ചമച്ച് ശങ്കരന്‍ ചെമ്പുച്ചിറ

tcr-nettipattamകൊടകര: ചിരട്ടകളും ചകിരിചോറും ഉപയോഗിച്ച് മനോഹരമായ നെറ്റിപ്പട്ടങ്ങള്‍ നിര്‍മ്മിക്കുകയാണ് റിട്ടയേഡ് ശിരസ്തദാറും എഴുത്തുകാരനുമായ ശങ്കരന്‍ ചെമ്പുച്ചിറ. വിശ്രമ ജീവിതത്തിന്റെ വിരസത അകറ്റുന്നതോടൊപ്പം ഉപയോഗശേഷം വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളെ കലാരൂപങ്ങളാക്കി മാറ്റി പൂമുഖവും സ്വീകരണ മുറിയും അലങ്കരിക്കാമെന്നു പഠിപ്പിക്കുക കൂടിയാണ് ഈ 57 കാരന്‍.

പല വലിപ്പത്തില്‍ മുറിച്ചെടുക്കുന്ന ചിരട്ടകള്‍  കാര്‍ഡ്്‌ബോര്‍ഡ്, വെല്‍വെറ്റ് തുണി , ചാക്ക് എന്നിവയില്‍ പശ ഉപയോഗിച്ച് ഒട്ടിച്ചുചേര്‍ത്താണ് ശങ്കരന്‍ ചെമ്പുച്ചിറ നെറ്റിപ്പട്ടങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇരുപത്തിയഞ്ചോളം ചിരട്ടകള്‍ ഇതിനായി ഉപയോഗിക്കുന്നു. ഉളി , കത്തി എന്നിവ ഉപയോഗിച്ച്് പല വലിപ്പത്തില്‍ മുറിക്കുന്ന  ചിരട്ടകള്‍  മിനുസപ്പെടുത്തിയെടുത്ത ശേഷമാണ് ഗോളകകളായി നെറ്റിപ്പട്ടത്തില്‍ ഒട്ടിച്ചുചേര്‍ക്കുന്നത്. നെറ്റിപ്പട്ടത്തിന്റെ അരികുകളില്‍ ചകിരിയും ഇങ്ങനെ ഒട്ടിച്ചു വയ്ക്കും.

പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ സ്വര്‍ണ നിറമുള്ള ചായം പൂശി ഉണക്കിയെടുത്താല്‍ ഒന്നാന്തരം നെറ്റിപ്പട്ടമായി. പകല്‍സമയത്ത് കാര്‍ഷിക ജോലികള്‍ ചെയ്യുന്നതിനാല്‍ രാത്രിയിലാണ് ശങ്കരന്‍  കരകൗശല നിര്‍മാണത്തിന് സമയം കണ്ടെത്തുന്നത്. വീടിന്റെ ടെറസില്‍ സജ്ജമാക്കിയിട്ടുള്ള സ്ഥലത്ത് ദിവസേന രാത്രി ഒന്നോ രണ്ട് മണിക്കൂര്‍ സമയമാണ് ഇതിനായി ചെലഴിക്കുന്നത്. ഒരു നെറ്റിപ്പട്ടത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ ഒരാഴ്ച വേണ്ടിവരും.

ചെറുപ്പം മുതലേ കലാഭിരുചിയുള്ള ശങ്കരന്‍ ചെമ്പുച്ചിറ   സ്കൂള്‍ പഠന കാലത്ത് വിവിധ തരം കൂണുകള്‍ ശേഖരിച്ച്   അതില്‍  വാര്‍ണീഷ് തേച്ച് സൂക്ഷിക്കുന്ന ഹോബിയുണ്ടായിരുന്നു.   കരകൗശല വിദ്യകള്‍ പുതിയ തലമുറയിലെ  കലാഭിരുചിയുള്ള കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ശങ്കരന്‍ പറഞ്ഞു.  തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയിലെ ശിരസ്തദാര്‍ ജോലിയില്‍  നിന്ന് വിരമിച്ച ശങ്കരന്‍ ചെമ്പുച്ചിറ നാലുപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള എഴുത്തുകാരന്‍ കൂടിയാണ്. പുതിയ രണ്ടു പുസ്തകങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോള്‍.

Related posts