പൂച്ചാക്കല്‍: ചീരകളില്‍ ഇലപ്പുള്ളി രോഗം പടര്‍ന്നതോടെ കര്‍ഷകര്‍ ആശങ്കയില്‍. തൈക്കാട്ടുശേരി, പള്ളിപ്പുറം, ചീരാത്ത് കാട്, പൂച്ചാക്കല്‍ മേഖലകളിലെ ചീര കര്‍ഷകരാണ് ആശങ്കയിലായത്. ചീരയുടെ ഇലകളില്‍ വെള്ള പാണ്ടുകള്‍ ഉണ്ടാകുകയും ഒപ്പംതന്നെ ഇലകള്‍ പുഴു തിന്ന് നശിപ്പിക്കുകയും ചെയ്യുന്നു.
ഇലകളിലെ വെള്ള പാണ്ടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വളരെ വേഗം മറ്റ് ചീരകളിലേക്ക് പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു. ഇതിനായി കൃഷിവകുപ്പ് നല്കുന്ന പ്രതിരോധമരുന്ന് ഫലപ്രദമല്ലെന്നു കര്‍ഷകര്‍ പറയുന്നു.
കൃഷിവകുപ്പില്‍ നിന്നും വേണ്ട പരിശോധനയും പ്രതിരോധമരുന്നുകളും ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പാല്ക്കായം, സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയുടെ മിശ്രിതം തളിച്ചാല്‍ മതിയെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഈ മിശ്രിതം ഫലപ്രദമല്ലെന്നാണ് അനുഭവത്തിലൂടെ കര്‍ഷകര്‍ പറയുന്നത്. കൂടാതെ കാലം തെറ്റി പെയ്ത വേനല്‍മഴയും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
ചേന്നം പള്ളിപ്പുറം ആറാംവാര്‍ഡില്‍ പുളിക്കല്‍ പറമ്പില്‍ സതീശന്റെ കൃഷിയിടത്തിലെ ആയിരത്തിനുമേല്‍ ചുവട് ചീരകള്ക്കാണ് രോഗം പടര്‍ന്ന് പിടിച്ചത്. ഇതുമൂലം 25,000ത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി സതീശന് പറയുന്നു. ഈ പ്രദേശത്ത് വിവിധ ഭാഗങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ബാങ്ക് വായ്പ എടുത്ത കര്‍ഷകരും ആശങ്കയിലാണ്. ഇലപ്പുള്ളി രോഗത്തിന് ഫലപ്രദമായ പ്രതിരോധമരുന്ന് കണ്ടു പിടിച്ചില്ലെങ്കില്‍ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
എന്താണ് ഇലപ്പുള്ളി രോഗം? – അധിക കീടാക്രമണം ഇല്ലാത്ത പച്ചക്കറിയായ ചീര ചെടികളെ ബാധിക്കുന്ന ഒരു പ്രധാന രോഗം ആണ് ഇലപ്പുള്ളികള്‍. ചുവന്ന ചീരയിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ കളര്‍ വെള്ളയാകുകയും ചെയ്യും.
ചീരയുടെ എല്ലാ വളര്‍ച്ചാഘട്ടങ്ങളിലും ഇലപ്പുള്ളി രോഗം വരാറുണ്ട്. റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് രോഗകാരി. മഴ സമയത്താണ് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്. മാരകമായ കീടനാശിനി ഉപയോഗിക്കാതെ തന്നെ ഇലപ്പുള്ളി രോഗത്തെ ഇല്ലായ്മ ചെയ്യാമെന്നാണ് കൃഷി വിദഗ്ധര്‍ പറയുന്നത്. പച്ച ചീരയ്ക്ക് ഇലപ്പുള്ളി രോഗം പ്രതിരോധിക്കാന്‍ ഉള്ള കഴിവുണ്ടെന്നും ചീര നടുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പച്ച ചീര നട്ടാല്‍ ഇലപ്പുള്ളി രോഗം വരാതെ നോക്കാമെന്നും പറയുന്നു.
രോഗം കാണുന്ന ഇലകള്‍ ആദ്യമേതന്നെ പറിച്ചു തീയിടുക. പത്തുഗ്രാം പാല്ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ചതിനുശേഷം അതില്‍ രണ്ടുഗ്രാം സോഡാപ്പൊടിയും എട്ടുഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത മിശ്രിതം കലര്‍ത്തി അരിച്ചെടുത്ത് ചീര ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്താല്‍ രോഗത്തെ ഇല്ലാതാക്കാമെന്നാണ് കൃഷി വിദഗ്ധര്‍ പറയുന്നത്.