ചെക്കുപോസ്റ്റുകളില്‍ റെയ്ഡ്; കണക്കില്‍പെടാത്ത 15,530 രൂപ പിടികൂടി

pkd-checkpostപാലക്കാട്: അതിര്‍ത്തിയിലെ രണ്ട് വാണിജ്യനികുതി ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 15,530 രൂപ പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വേലന്താവളം, ഗോപാലപുരം വാണിജ്യനികുതി ചെക്‌പോസ്റ്റുകളില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ചെക്‌പോസ്റ്റുകളില്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നുള്ള നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഡ്രൈവര്‍മാരുടെ വേഷത്തില്‍ ചെക്‌പോസ്റ്റിലെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിസരം നിരീക്ഷണ വലയത്തിലാക്കി.

ലോറി ഡ്രൈവര്‍മാരില്‍നിന്നും 50, 100 എന്നിങ്ങനെ കൈക്കൂലി ചോദിച്ചുവാങ്ങുന്നതും മാമൂല്‍പണം സൂക്ഷിച്ചുവയ്ക്കുന്ന സ്ഥലവും നിരീക്ഷിച്ചശേഷം പുലര്‍ച്ചെ ഒരുമണിയോടെ രണ്ടിടത്തും ഒരേസമയം റെയ്ഡ് നടത്തുകയായിരുന്നു.  ഗോപാലപുരം ചെക്‌പോസ്റ്റില്‍ എല്‍.ഡി. ക്ലാര്‍ക്ക് രാജേഷ്കുമാറിന്റെ കൗണ്ടറില്‍ മേശവലിപ്പില്‍ പഴയ ഗുഡ്‌സ് വെഹിക്കിള്‍ റിക്കാര്‍ഡില്‍ സൂക്ഷിച്ചിരുന്ന 840 രൂപയും അതിനടുത്ത് താഴെ കടലാസില്‍ പൊതിഞ്ഞനിലയില്‍ 11,470 രൂപയും കണ്ടെടുത്തു.  ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടാവേണ്ട വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ മൂന്നു ദിവസമായി ഇല്ലെന്നും ബോധ്യപ്പെട്ടു.

വേലന്താവളം ചെക്‌പോസ്റ്റ് കൗണ്ടറിനകത്ത് ഉപയോഗശൂന്യമായ ഡിക്ലറേഷന്‍ ഫോമുകളുടെ ഇടയില്‍ സൂക്ഷിച്ച നിലയിലാണ് 3,220 രൂപ കണ്ടെത്തിയത്. ധാരാളം വണ്ടികള്‍ വരുന്ന ഇവിടെ ഒരേസമയം ആറുപേര്‍ ഡ്യൂട്ടിയില്‍ ഉണ്ടാവണമെന്നിരിക്കെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. മൂന്നുദിവസം ജോലി ചെയ്താല്‍ ഒരാഴ്ച അവധിയില്‍ പോകുന്നതും ശ്രദ്ധയില്‍പ്പെട്ടു. വിജിലന്‍സ് ഡിവൈഎസ്പി എം. സുകുമാരന്‍, സിഐ സി.എം. ദേവദാസ്, എഎസ്‌ഐമാരായ ബി. സുരേന്ദ്രന്‍, പി. ജയശങ്കര്‍, കെ.എല്‍. ശിവദാസ്, എസ്‌സിപിഒമാരായ പി.ബി. നാരായണന്‍, രഞ്ജിത്ത്, സിപിഒമാരായ ജെ. ശങ്കര്‍, എ.ബി. സന്തോഷ്, പി. ജയശങ്കര്‍, അനില്‍, വിനോദ്, രവീന്ദ്രന്‍, രതീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Related posts