ചെന്നിത്തല ആര്‍എസ്എസിനെരക്ഷിക്കാന്‍ ശ്രമിക്കുന്നു: സിപിഎം

ALP-CPIMകണ്ണൂര്‍: നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന ആര്‍എസ്എസിനെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തല ശ്രമിക്കുന്നതെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂരില്‍ സിപിഎമ്മാണ് അക്രമം നടത്തിയതെന്നു ചെന്നിത്തല നിയമസഭയില്‍ നടത്തിയ പ്രസ്താവന ഇതിനുദാഹരണമാണെന്നും ജയരാജന്‍ പ്രസ്്താവനയില്‍ പറഞ്ഞു. സമാധാനം നിലനില്‍ക്കെയാണ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.

നേതൃത്വം ആസൂത്രണം ചെയ്ത കൊലയാണിതെന്ന് ഏവര്‍ക്കും വ്യക്തമാണ്. ഇതാണ് തുടര്‍ന്നുള്ള അനിഷ്ട സംഭവങ്ങള്‍ക്കിടയായത് ഇങ്ങനെയിരിക്കെ സിപിഎം നേതൃത്വത്തെ കുറ്റപ്പെടുത്തുകയും ആര്‍എസ്എസിന്റെ പങ്ക് മറച്ചു വയ്ക്കാനുമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് കൊലപാതകം നടത്തിയത്. മോഹന്‍ ഭാഗവത് പങ്കെടുത്ത കണ്ണൂര്‍ ബൈഠക്ക് തീരുമാനം അനുസരിച്ച് സിപിഎം സ്വാധീന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനാണ് പദ്ധതി. ഇതിന്റെ ഭാഗമാണ് തെരഞ്ഞെടുപ്പ് വിജായാഹ്ലാദ പ്രകടന ദിവസം പിണറായിയില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ സി.വി. രവീന്ദ്രനെ ബോംബെറിഞ്ഞ് വാഹനം കയറ്റി കൊലപ്പെടുത്തിയത്.

ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനിടിയില്‍ ഒളിപ്പിച്ചുവച്ച ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ അഴിച്ച് വയ്ക്കുന്നതാണ് നാടിന് നല്ലത്. യുഡിഎഫ് ഭരണകാലത്ത് പോലീസിനെ കോണ്‍ഗ്രസിന്റെ ആജ്ഞാനുവര്‍ത്തിയാക്കി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെന്നിത്തല ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related posts