കണ്ണൂര്‍: സംസ്ഥാനത്ത് ചെറുകിട കരിങ്കല്‍ ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ജയരാജന്. ചെറുകിട കരിങ്കല്‍ ക്വാറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, നിര്‍മാണ പ്രവൃത്തികള്‍ക്കാവശ്യമായ കരിങ്കല്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂര്‍ ജില്ലാ കരിങ്കല്‍ വര്‍ക്കേഴ്സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പോലും മാഫിയകളുടെയും മറ്റും ഇടപെടലുകള്‍ മൂലം സ്തംഭിപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിര്‍മാണ പ്രവൃത്തിക്ക് ആവശ്യമായ കരിങ്കല്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ജയരാജന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. നാണു അധ്യക്ഷത വഹിച്ചു. കെ.പി. രാജന്, കെ. അശോകന്, കെ.പി. ബാലകൃഷ്ണന്, എന്‍. ശ്രീധരന്, അരക്കന്‍ ബാലന് എന്നിവര്‍ പ്രസംഗിച്ചു.