ചാലക്കുടി: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ മണിയുടെ നാടായ ചാലക്കുടി ചേന്നത്തുനാട്ടിലാകെ ചര്‍ച്ച ഇതു തന്നെയാണ്. ഓരോ പുതിയ വെളിപ്പെടുത്തലും അഭ്യൂഹങ്ങളും വളരെ ശ്രദ്ധാപൂര്‍വമാണ് മണിയുടെ സുഹൃത്തുക്കളും ആരാധകരും ചേന്നത്തുനാട്ടിലെ ആളുകളും കാണുന്നതും കേള്‍ക്കുന്നതും. എല്ലാവരോടും സ്നേഹം മാത്രമുണ്ടായിരുന്ന, എല്ലാവരേയും അതിരറ്റ് സ്നേഹിച്ച മണിയെ എന്തിന് അപായപ്പെടുത്തണമെന്ന ചോദ്യമാണ് ഇവര്‍ പരസ്പരം ചോദിക്കുന്നത്. മണി ആത്മഹത്യ ചെയ്യില്ലെന്നും ആരും മണിയെ കൊലപ്പെടുത്താന്‍ സാധ്യതയില്ലെന്നും ഇവര്‍ തറപ്പിച്ചു പറയുന്നു. തങ്ങള്‍ക്കറിയുന്ന മണിക്ക് ഇതു രണ്ടും സംഭവിക്കില്ലെന്നാണ് ഇവരുടെ നിഗമനം. എന്തായാലും തങ്ങള്‍ക്കേറെ പ്രിയപ്പെട്ട മണിയുടെ മരണത്തെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആശയക്കുഴപ്പങ്ങളും ആശങ്കകളും സംശയങ്ങളും ദുരൂഹതകളും നീക്കി സത്യം വെളിച്ചത്തുകൊണ്ടുവരണമെന്ന് ഇവര്‍ പറഞ്ഞു.
ചോദ്യം ചെയ്യല്‍ തുടരുമ്പോഴും തുമ്പുകള്‍ കിട്ടാതെ പോലീസ് വലയുന്നു
തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് പലരേയും കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ദുരൂഹതകള്‍ നീക്കാനും കേസന്വേഷണത്തിന് സഹായകമാകുന്ന തുമ്പുകള്‍ കിട്ടാതെയും പോലീസ് വലയുന്നു. ഇപ്പോള്‍ കസ്റ്റഡിയിലെടുത്തവരില്‍നിന്ന് കാര്യമായ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കീടനാശിനി മണിയുടെ ശരീരത്തിനകത്ത് ചാരായത്തിലൂടെ എത്തിയിരിക്കാം എന്ന നിഗമനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.
പാഡിയിലെ ജീവനക്കാരായ മൂന്നുപേരെ ചോദ്യം ചെയ്തതില്‍നിന്നും കാര്യമായ തുമ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് സൂചന. കലാഭവന്‍ മണിയെ അപായപ്പെടുത്തിയതാകാമെന്ന സംശയത്തിന് ബലം നല്കുന്ന തെളിവുകളൊന്നും പോലീസിന് കിട്ടിയിട്ടില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോഴത്തെ അന്വേഷണം. വാട്സ്അപില്‍ നടന് സാബുവിനെതിരെ പോസ്റ്റിട്ട അജ്ഞാതനെക്കുറിച്ചാണ് പോലീസ് ഇപ്പോള്‍ വിശദമായി അന്വേഷിക്കുന്നത്. എന്തിന് ഒരാവശ്യവുമില്ലാതെ ആ പോസ്റ്റ് അയാള്‍ വാട്സ് അപ്പിലിട്ടുവെന്ന ചോദ്യത്തിന് പിന്നാലെയാണ് പോലീസിപ്പോള്‍. സൈബര്‍ സെല്ലിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
പാഡിയില്‍ നിന്ന് എക്സൈസിനോ പോലീസിനോ കാര്യമായ തെളിവുകള്‍ കിട്ടിയിട്ടില്ല. മണിയുടെ സുഹൃത്തുക്കള്‍ പാഡിയിലെ പല സാധനങ്ങളും ചാക്കില്‍ കെട്ടി മാറ്റിയതോടെ നിര്‍ണായകമായ പല തെളിവുകളും നഷ്ടമായി.എങ്കിലും ഇവിടെനിന്ന് എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇവിടെ നടന്ന മദ്യസല്‍ക്കാരങ്ങള്‍, ആരെല്ലാം വന്നു തുടങ്ങിയ കാര്യങ്ങളിലേക്ക് പോലീസ് കൂടുതല്‍ കടന്നിട്ടുണ്ട്. കേരളം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ പോലീസ് സജീവമായി മുന്നോട്ടുപോവുകയാണ്. പലരെയും രണ്ടാം തവണയും ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുന്നത് അതിന്റെ ഭാഗമാണ്.
പാലക്കാട് ശ്രീകൃഷ്ണപുരത്ത് മണി ആടിപ്പാടി തകര്‍ത്തത് അഞ്ചു മണിക്കൂര്‍
തൃശൂര്‍: കലാഭവന്‍ മണിയുടെ അവസാനത്തെ സ്റ്റേജ് പ്രോഗ്രാം പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്താണ്. അന്ന് മൂന്നുമണിക്കൂര്‍ പരിപാടിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും മണി ആടിപ്പാടി പരിപാടി കൊഴുപ്പിച്ച് ആ പരിപാടി അഞ്ചുമണിക്കൂറോളം നീണ്ടു. കാല്‍മുട്ടിന് ചെറിയ വേദനയുണ്ടായിരുന്നുവെങ്കിലും മണി പതിവിലും ആവേശത്തിലായിരുന്നു.
തന്റെ നാടന്‍പാട്ടുകളും പതിവ് തമാശ നമ്പറുകളുമായി ശ്രീകൃഷ്ണപുരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിനാളുകളെ എന്നത്തേയും പോലെ മണി കയ്യിലെടുത്തു. പിന്നെ സ്ഥിരം ശൈലിയില്‍ മണി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങി ആടിപ്പാടി. പിന്നെ തിരിച്ചുകയറിയ ശേഷം പാലക്കാട് ഭാഷയില്‍ കാണികളോട് സംസാരിച്ച് കയ്യടി നേടി. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് മാധ്യമപ്രവര്ത്തകരടക്കമുള്ളവരോട് വ്യക്തമാക്കുകയും ചെയ്തു.
ജീവിതം മടുത്ത ഒരാളുടെ മാനറിസങ്ങളല്ല അന്ന് മണിയില്‍ ശ്രീകൃഷ്ണപുരത്തുകാര്‍ കണ്ടത്. അതുകൊണ്ടു തന്നെ മണി ആത്മഹത്യ ചെയ്യില്ലെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. തങ്ങളെ അഞ്ചുമണിക്കൂര്‍ ആടിപ്പാടി തമാശപറഞ്ഞ് രസിപ്പിച്ച മണിയുടെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങി സത്യം തെളിയണമെന്ന് ശ്രീകൃഷ്ണപുരത്തുകാര്‍ പറയുന്നു.