ചൂടുവെള്ളം കുടിക്കുന്നത് ഒരു വാര്‍ത്തയാണോ? ഇതാണ് ഇപ്പോള്‍ ചൈനക്കാര്‍ ചോദിക്കുന്നത്. ചൈനയിലെ ജനങ്ങള്‍ ചൂടുവെള്ളം കുടിക്കാന്‍ തുടങ്ങിയതിനു നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ചൈനയില്‍ മാത്രമല്ല പല രാജ്യങ്ങളിലും ഈ രീതിയാണ് പിന്തുടര്ന്നുപോരുന്നതും. എന്നാല്‍ ശീതീകരിച്ച പാനീയങ്ങള്‍ കുടിച്ചുശീലിച്ച പാശ്ചാത്യ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇതു കണ്ടപ്പോള്‍ പുതുമ തോന്നി. അത് അവര്‍ വാര്‍ത്തയാക്കുകയും ചെയ്തു.
ചൈനീസ് സര്‍ക്കാരിന്റെ വാര്‍ഷിക സമ്മേളനം നടക്കുമ്പോള്‍ വെയിറ്റര്‍മാര്‍ കെറ്റിലുകളില്‍ ചൂടുവെള്ളം വിതരണം ചെയ്യുന്നത് ടിവികളില്‍ പ്രദര്‍ശിക്കപ്പെട്ടു. ചിലരാവട്ടെ ചൂടുവെള്ളത്തില്‍ തേയിലപ്പൊടി ചേര്‍ത്ത് ചായയുണ്ടാക്കിയും കുടിച്ചു. ഈ കാഴ്ച ഒരു അപൂര്‍വ പ്രതിഭാസമായാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ക്കു തോന്നിയത്. അവരത് ന്യൂസ് സ്റ്റോറിയായി ചിത്രീകരിക്കുകയും ചെയ്തു.
ചൈനക്കാരില്‍ ഏറിയപങ്കും ശീതീകരിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നു വിശ്വസിക്കുന്നവരാണ്. അതിനാല്‍ യാത്രകളില്‍ ചായക്കെറ്റിലുമായി പോകുന്നവര്‍ ഇവിടെ സര്‍വസാധാരണമാണ്. വര്‍ഷങ്ങളായി ശീലിച്ചുപോന്നതിനാല് ചൈനക്കാരുടെ വയര്‍ തണുത്ത വെള്ളത്തെ സ്വീകരിക്കാന്‍ മടിക്കും.
എന്നാല്‍, ചൂടുവെള്ളം കുടിക്കുന്നതിന്റെ ശാസ്ത്രീയ വശമോ കാരണമോ വിശദീകരിക്കാന്‍ ആര്‍ക്കുംതന്നെ അറിയില്ല. പൂര്‍വികരുടെ പാത പിന്തുടരുന്നു എന്നു മാത്രമേ അവര്‍ക്കു പറയാന്‍ കഴിയൂ. എന്നാല്‍, ഒരു വിഭാഗത്തിനു ചില മറുപടി പറയാനുണ്ട്.
1. ചായസംസ്കാരം
പൂര്‍വികരുടെ ചായസംസ്കാരത്തില്ന്നു രൂപപ്പെട്ടതാണ് ചൂടു വെള്ളമെന്ന് കരുതപ്പെടുന്നു. ചായകുടിശീലം കാരണം എല്ലാ വീടുകളിലും എപ്പോഴും ചൂടുവെള്ളം സ്ഥിരമായി ഉണ്ടാകുമായിരുന്നു. സമീപരാജ്യങ്ങളായ ജപ്പാനും കൊറിയയും ചൈനയില്‍നിന്നുള്ള ചായസംസ്കാരം പിന്തുടരുന്നുണ്ട്.
2. വൃത്തി
സാധാരണ ടാപ്പ് വാട്ടറിലുള്ള ബാക്ടീരിയകളും മറ്റു സൂക്ഷ്മജീവികളും ചൂടുവെള്ളത്തില്‍ ഉണ്ടായിരിക്കില്ല. മാത്രമല്ല ഈ അണുനശീകരണ മാതൃക കാരണം മാരകമായ പ്ലേഗ് പോലുള്ള രോഗങ്ങളില്‍നിന്ന് ചൈന രക്ഷപ്പെട്ടുവെന്നു വിശ്വസിക്കുന്നവരും ഏറെയുണ്ട്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃത്തിശീലം അത്യാവശ്യമാണെന്ന് ഇവര്‍ പറയുന്നുണ്ട്.
3. ചരിത്രപരമായ കാരണങ്ങള്‍
1950 മുതലാണ് ചൈനയിലെ ജനങ്ങള്‍ ചൂടുവെള്ളത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളായത്. ചൂടുവെള്ള വിതരണശാലകള്‍ വ്യാപകമായി നിര്‍മിക്കപ്പെട്ടു. ജനങ്ങളുടെ ആരോഗ്യത്തിനുവേണ്ടിയായിരുന്നു ഈ നടപടികള്‍. ഈ രീതികള്‍തന്നെ പിന്തുടരാനാണ് ഡോക്ടര്‍മാരും നിര്‍ദേശിക്കുന്നത്.