മട്ടന്നൂര്‍: കഠിനമായ വേനലില്‍ ഭൂമി വരളുമ്പോഴും പഴശി ഡാമില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ഷട്ടറുകളിലെ ചോര്‍ച്ച പരിഹരിച്ചതോടെയാണു ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്. 26.50 മീറ്ററിലാണുഡാമില്‍ വെളളം സംഭരിച്ചിട്ടുളളത്. വേനല്‍ക്കാലം ആരംഭിക്കുന്നതോടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു വെളളം സംഭരിക്കാന്‍ തുടങ്ങിയത്. ജില്ലയിലെ പ്രധാന അണക്കെട്ടിലൊന്നായ പഴശിയില്‍ നിന്നാണു ജില്ലയിലെ ആറോളം കുടിവെളള പദ്ധതിക്കായി വെളളം ശേഖരിക്കുന്നത്.
ഇത്തവണ വെളളം ആവശ്യത്തിലേറെയുളളതിനാല്‍ കുടിവെളള വിതരണത്തെ ബാധിക്കില്ല. ഷട്ടറിലെ ചോര്‍ച്ച കാരണം കഴിഞ്ഞ വര്‍ഷം വരെ ഡാമില്‍ വെളളം കുറഞ്ഞിരുന്നു. എട്ടുകോടിയോളം രൂപ ചെലവിട്ടു പഴയ മുഴുവന്‍ ഷട്ടറുകളും മാറ്റിയതോടെയാണു വെളളം സംഭരിക്കുന്നതില്‍ വിജയം കണ്ടത്.