കളമേശരി: കഴിഞ്ഞ ജൂണ്‍ നാലിന് വിദേശത്ത് അപകടത്തില്‍ മരണമടഞ്ഞ ചങ്ങമ്പുഴ നഗറിലെ കാര്‍ത്തികേയന്‍െറ മൃതദേഹം ഓഗസ്റ്റ് ഒന്നിന് എത്തുമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കളമശേരി ചങ്ങമ്പുഴ നഗറില്‍ എല്‍ നാലില്‍ താമസിക്കുന്ന വിജയകുമാറിന്‍െറയും സുഗുണയുടേയും മകനായ കാര്‍ത്തികേയന്‍ കഴിഞ്ഞ ജൂണ്‍ നാലിന് ജിദ്ദയില്‍ വച്ചാണ് അപകടത്തില്‍ മരണമടഞ്ഞത്.
ഏക മകന്‍െറ മൃതദേഹം ഒരു നോക്കു കാണണമെന്ന മാതാപിതാക്കളുടെ അപേക്ഷയോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നോര്‍ക്കയും ജനപ്രതിനിധികളും മുഖ്യ തിരിഞ്ഞു നില്‍ക്കുന്നതായി “ദീപിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചില പ്രവാസി സംഘടനകള്‍ ഇടപെട്ടതോടെയാണ് മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലായത്. പീപ്പിള്‍ കള്‍ച്ചറല്‍ ഫോറമാണ് ഇപ്പോള്‍ മുന്‍കൈ എടുത്തിരിക്കുന്നത്.
ഞായറാഴ്ച മൃതദ്ദേഹം അബ്ഹയിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് ദുബായിലെത്തിക്കും. തുടര്‍ന്ന് ദുബായിയില്‍ നിന്ന് തിങ്കളാഴ്ച വെളുപ്പിന് 1.30 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കാനുമാണ് നിശ്ചയിച്ചിരിക്കുന്നത്. കാര്‍ത്തികേയന്‍ ജോലി ചെയ്തിരുന്ന ജിദ്ദയിലെ അല്‍ ജസീറ ഫോര്‍ഡ് വെഹിക്കിള്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും ഒപ്പമുണ്ടാകും. കമ്പനിയിലെ സ്‌പെയര്‍ പാര്‍ട്‌സ് പിക്കര്‍ ആയി നേരിട്ടുള്ള റിക്രൂട്ട്‌മെന്റിലാണ് ജോലി ലഭിച്ചത്. സഹപ്രവര്‍ത്തകരോടൊപ്പം പിക്ക് അപ് വാനില്‍ യാത്ര ചെയ്യവേ ആക്‌സില്‍ ഒടിഞ്ഞ് വാഹനം മറിയുകയായിരുന്നു.
കമ്പനി ആവശ്യത്തിനാണ് ആയിരം കിലോമീറ്റര്‍ ദൂരെയുള്ള രണ്ട് പ്രവിശ്യകള്‍ കടന്ന് അബ്ഹയിലെത്തിയത്. റംസാന്‍ കാലമായതിനാല്‍ അബ്ഹയിലെ ആശുപത്രിയില്‍ മൃതദ്ദേഹം സൂക്ഷിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരോ എംബസിയോ കമ്പനിയോ താത്പര്യമെടുക്കാതെ അനിശ്ചിതത്വത്തില്‍ തുടരുകയായിരുന്നു. 27ന് മൃതദേഹം കളമശേരിയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രവാസി സംഘടന കരുതിയതെങ്കിലും അന്ന് മറ്റ് മൂന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് കൊണ്ട് കാര്‍ഗോയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഓഗസ്റ്റ് ഒന്നിന് മൃതദേഹം എത്തിക്കാന്‍ തീരുമാനിച്ചത്.