കോട്ടയം ജില്ലയുടെ ഭരണനിയന്ത്രണം വനിതകളുടെ കൈകളില്‍

ktmകോട്ടയം: ജില്ലയുടെ ഭരണനിയന്ത്രണം വനിതകളുടെ കൈകളില്‍. ജില്ലാ കളക്ടറായി സ്വാഗത് ഭണ്ഡാരി ചാര്‍ജെടുത്തതോടെയാണു കോട്ടയത്തിന്റെ ഭരണനിയന്ത്രണം പൂര്‍ണമായും വനിതകളുടെ കൈപ്പിടിയിലായത്. ജില്ലാ കളക്ടര്‍ക്കു പിന്നാലെ ജില്ലാ സെഷന്‍സ് ജഡ്ജ് എസ്. ശാന്തകുമാരി, ജില്ലാ കുടുംബകോടതി ജഡ്ജി സോഫി ജോസഫ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന എന്നിങ്ങനെ പ്രധാന പദവികളെല്ലാം വനിതകള്‍ തന്നെയാണ് നിയന്ത്രിക്കുന്നത്. ഇവര്‍ക്കു പുറമേ ജില്ലയിലെ തെരഞ്ഞെടുപ്പു സെല്ലിന്റെ നിയന്ത്രണം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ മാഗി സീമന്തനിക്കാണ്. വനിതാ നിയന്ത്രണത്തില്‍ ഭരണം നടക്കുന്ന ജില്ലയിലെ തെരഞ്ഞെടുപ്പ് അവബോധ നിരീക്ഷകയായെത്തിയതും വനിത തന്നെ. ഡല്‍ഹിയില്‍ നിന്നെത്തിയ രഞ്ജന ദേവ് ശര്‍മയായിരുന്നു നിരീക്ഷക.

എഡിഎമ്മും കോട്ടയം ആര്‍ഡിഒയും വനിതകള്‍ തന്നെ. ആര്‍ഡിഒ രമാകുമാരി ജില്ലാ വരണാധികാരികൂടിയാണ്. എഡിഎം പി. അജന്തകുമാരിയാണ്. മുമ്പ് കോട്ടയത്തിന്റെ ഭരണ നിയന്ത്രണത്തില്‍ പലപ്പോഴായി പല പ്രമുഖ വനിതകളും രംഗത്തു വന്നിട്ടുണെ്ടങ്കിലും എല്ലാ പ്രധാന പദവികളിലും വനിതകള്‍ എത്തുന്നത് ആദ്യമായിട്ടാണ്. ഇതു കോട്ടയത്തെ മറ്റു നഗരങ്ങളില്‍നിന്നും ഇപ്പോള്‍ വ്യത്യസ്തമാക്കുകയാണ്. അസിസ്റ്റന്റ് കളക്ടറും നഗരസഭാ ചെയര്‍ പേഴ്‌സണും ഡോക്ടറേറ്റുള്ളവരാണ്. മറ്റുള്ളവരെല്ലാം ഭരണപരിചയത്തില്‍ തികവ് തെളിയിച്ചവരും. എംഎല്‍എയും എംപിയും ഒഴിച്ചാല്‍ സുപ്രധാന പദവികളിലെല്ലാം വനിതകള്‍ നിരന്നതോടെ കോട്ടയത്തിന്റെ ചരിത്രത്തിലെ ഒരു അസുലഭ സാഹചര്യമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

എന്നാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളൊന്നുംതന്നെ വനിതകളെ തെരഞ്ഞെടുപ്പ് മത്സയ്ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. വൈക്കത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.കെ. ആശ മാത്രമാണ് മത്സരരംഗത്തുള്ള പ്രമുഖ വനിതാ സ്ഥാനാര്‍ഥി. കോട്ടയത്തും ഏറ്റുമാനൂരിലും എസ്‌യുസിഐയുടെ വനിതാ സ്ഥാനാര്‍ഥികളുണ്ട്. എംഎല്‍എ സ്ഥാനത്തു കൂടി വനിത എത്തിയിരുന്നെങ്കില്‍, അക്ഷര നഗരം ഇന്ത്യയില്‍ അറിയപ്പെടുന്ന വനിതാ നായക നഗരമാകുമായിരുന്നു.

ജില്ലാ കളക്്ടര്‍ സ്വാഗത് ഭണ്ഡാരി കരുത്തുറ്റ ഭരണാധികാരിയായാണ് അറിയപ്പെടുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍ക്കതീതയായി പ്രവര്‍ത്തിക്കുന്ന കളക്ടറാണ് സ്വാഗത് ഭണ്ഡാരി. അസിസ്റ്റന്റ് കളക്ടര്‍ ദിവ്യ എസ് അയ്യരാവട്ടെ, കോട്ടയത്തെ സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യം പുലര്‍ത്തുന്ന ഒരു കലാകാരിയും നര്‍ത്തകിയുമാണ്. ജില്ലാ സെഷന്‍സ് ജഡ്ജ് 18 കൊല്ലം മുമ്പ് മജിസ്‌ട്രേറ്റായി ജോലി ചെയ്ത കോട്ടയത്തേക്ക് ജില്ലാ ജഡ്ജായി തിരികെ എത്തിയിരിക്കുകയാണ്. സാക്ഷര കോട്ടയത്ത് ആദ്യമായാണ് ഡോക്്ടറേറ്റുള്ള ഒരു ഭരണാധികാരിയെ ലഭിക്കുന്നത്. ഭാഗ്യത്തിന്റെ അകമ്പടിയോടെ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ ഭരണത്തിലെത്തിയ ആളാണ് നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന. ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍ പേഴ്‌സണായ ഡോ. സോന മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

കുടുംബ കോടതി ജഡ്ജ് സോഫി ജോസഫ് ഈ വര്‍ഷം വിരമിക്കുകയാണ്. അഞ്ചു വര്‍ഷത്തോളം സ്തുത്യര്‍ഹ സേവനം നടത്തിയാണവര്‍ വിരമിക്കുന്നത്. തുടര്‍ന്നെത്തുന്ന ജഡ്ജും വനിതയാണ്, കോട്ടയത്തെ സമ്പൂര്‍ണ വനിതാ ശാക്തീകരണ, സുരക്ഷിതത്വ മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള ചുവടുവയ്പ് ഇവരില്‍നിന്ന് ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Related posts