കൊച്ചി: മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിലൂടെ ജില്ലയെ പകര്‍ച്ചവ്യാധികളില്‍ നിന്നു രക്ഷിക്കുക എന്ന ബൃഹത് ദൗത്യം പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് തുടങ്ങും. ജില്ലയുടെ ചുമതലയുള്ള വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച പരിപാടികള്‍ ആവിഷ്കരിച്ചത്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജൂണ്‍ ഒന്നിനകം ഇതിനായി പ്രത്യേകം സമിതികള്‍ രൂപീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വാര്‍ഡുതല സമിതികള്‍ രണ്ടിനകവും രൂപീകരിക്കണം. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് മുഴുവന്‍ ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ നാട്ടില്‍ മുഴുവന്‍ ശുചീകരണപ്രവര്‍ത്തനം നടത്തണം.
വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, തൊഴിലിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അതത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക പ്രവര്‍ത്തനവും വേണം. പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ ഒരു പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ബന്ധപ്പെട്ട സമിതികള്‍ ജൂണ്‍ അഞ്ചിനകം പരിശോധിച്ച് ഉറപ്പാക്കണം. പായല്‍ നീക്കം ചെയ്യുന്നിടയങ്ങളില് അത് ചീഞ്ഞുകിടക്കുന്ന അവസ്ഥ ഒഴിവാക്കണം. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തണം. ജൂണ്‍ അഞ്ചിനുശേഷം ഇതിന്റെ പ്രധാന്യം ഓരോ വീടുകളിലുമെത്തിക്കുംവിധം ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും.
നിരത്തില്‍ മാലിന്യം വലിച്ചെറിയുന്നത് കര്‍ശനമായി തടയാന്‍ പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കണം. പോലീസിന്റെ നിരീക്ഷണവും നടപടിയും ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പട്ടണപ്രദേശങ്ങളില്‍ ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. കോളനികള്‍ തദ്ദേശവാസികളുടെ സഹകരണത്തോടെ വൃത്തിയായി സൂക്ഷിക്കാന്‍ നടപടിയുണ്ടാകണം. ആശുപത്രികളില്‍ അത്യാവശ്യം വേണ്ട എല്ലാമരുന്നും ഉണെ്ടന്നു ആരോഗ്യവകുപ്പ് ഉറപ്പാക്കിരിക്കണം. ഓഫീസുകള്‍ ഉദ്യോഗസ്ഥരും സ്കൂളുകള്‍ അധ്യാപകരും വിദ്യാര്‍ഥികളും പോലീസ് സ്റ്റേഷന് പരിസരം പോലീസുകാരും വൃത്തിയാക്കുന്ന തരത്തിലായിരിക്കണം പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേധാവികളെ ഇക്കാര്യത്തില്‍ പങ്കാളികളാക്കണം.
സന്നദ്ധ സംഘടനകള്‍, വനിതാ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബുകള്‍, വായനശാലകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പങ്കെടുപ്പിച്ചു രൂപീകരിക്കുന്ന കമ്മിറ്റികള്‍ വീടുവീടാന്തരം കയറിയിറങ്ങി പരിസര ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. ജില്ലയിലെ കോളനികളിലെ വൃത്തിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് മന്ത്രി നിര്‍ദേശം നല്കി. കക്കൂസ് സൗകര്യങ്ങള്‍ വേണ്ടത്രയില്ലാത്തതിനാല്‍ പല കോളനികളിലും മഴക്കാലത്ത് മാലിന്യ പ്രശ്നം രൂക്ഷമാകാറുണ്ട്. ഇത് അവിടങ്ങളിലെ കിണറുകളെപ്പോലും ബാധിക്കുന്നു. സാംക്രമിക രോഗങ്ങള്‍ ഇവിടെ നിന്നാണു പലപ്പോഴും ആരംഭിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരിക്കണം എല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു.