കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആസാം സ്വദേശി അമിറുള്‍ ഇസ്‌ലാമിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ആസാം സ്വദേശിയായ അമിറുള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരായി ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അടക്കം 195 സാക്ഷിമൊഴികളാണ് കുറ്റപത്രത്തിലുള്ളത്. 125 ശാസ്ത്രീയ പരിശോധനാ രേഖകളും 70 തൊണ്്ടിമുതലുകളും ഹാജരാക്കിയിട്ടുണ്്ട്. 1500 പേജുകള്‍ കുറ്റപത്രത്തിനുണ്്ട്.
ഏപ്രില്‍ 28-നാണു കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(30) ക്രൂരമായി കൊല്ലപ്പെട്ടത്. കൂലിപ്പണിക്കു പോയിരുന്ന അമ്മ രാജേശ്വരി അന്നു വൈകിട്ട് എട്ടിനു തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സമീപവാസികളെ വിളിച്ച് വാതില്‍ തുറന്ന് നോക്കുമ്പോഴാണ് ജിഷയെ മരിച്ചനിലയില്‍ കണ്ടത്.
കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത 909/16 നമ്പര്‍ കേസില്‍ അമിറുളിനെതിരേ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയത്. ബലാത്സംഗശ്രമത്തെ ചെറുത്ത ജിഷയെ അമിറുള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നേരത്തേ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
കുറ്റം ചെയ്തതായി അമിറുള്‍ പോലീസ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. തനിക്കൊപ്പം സുഹൃത്ത് അനാറുള്‍ ഇസ്‌ലാമും ഉണ്ടായിരുന്നുവെന്നും അമിറുള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ജിഷ സംഭവത്തിനുമുമ്പ് അനാറുള്‍ പെരുമ്പാവൂരില്‍നിന്ന് വിട്ടുപോയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണെ്ടത്തി. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് കോടതി പോലീസിന് സമയം അനുവദിച്ചിരുന്നത്. ഇതനുസരിച്ച് 12ന് കുറ്റപത്രം നല്‍കണമായിരുന്നു. എന്നാല്‍ ഓണം-ബക്രീദ് അവധിയായതിനാല്‍ കുറ്റപത്രം നല്‍കുന്നത് ശനിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘമാണ് ജൂണ്‍ 16ന് അമിറുളിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പിടികൂടിയത്.
ഡിഎന്‍എ പരിശോധനയുടെയും സാഹചര്യ തെളിവുകളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് അമിറുളിനെ പ്രതിയാക്കി കേസെടുത്തത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും അമിറുളിന്റെ ചെരിപ്പും ആദ്യ അന്വേഷണസംഘം കണെ്ടത്തിയിരുന്നു. കൊലപാതകത്തിനുശേഷം അമിറുള്‍ വീട്ടില്‍നിന്ന് ഇറങ്ങിപോകുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. ഡിഎന്‍എ പരിശോധനയും അയല്‍വാസിയുടെ മൊഴിയും ചെരിപ്പും കേസില്‍ നിര്‍ണായക തെളിവായി. രണ്ടു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചു. അയല്‍വാസികളുള്‍പ്പെടെ 5,000 പേരുടെ വിരലടയാളം ശേഖരിച്ചു. 23 പേരുടെ ഡിഎന്‍എയും പരിശോധിച്ചു. പല്ല്, രക്തം എന്നിവയും പരിശോധിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ പ്രത്യേക സെല്ലിലാണ് അമിറുള്‍ ഇപ്പോള്‍. ഇയാളുടെ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുത്തിട്ടില്ല.