കോട്ടയം: നഗരത്തിലെങ്ങും സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍. അമിതവേഗത്തില്‍ ബസുകള്‍ പാഞ്ഞുവരുന്നതു കാണുമ്പോള്‍ ജീവനില്‍ കൊതിയുള്ള കാല്‍നടയാത്രക്കാര്‍ ഓടിമാറുകയാണ്. ജില്ലയില്‍ ബസുകളുടെ അമിതവേഗത്തിനെതിരേ പരിശോധനകള്‍ മുറയ്ക്കു നടക്കുമ്പോഴാണു നഗരത്തില്‍ സ്വകാര്യ ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം എംസി റോഡില്‍ പഴയ പ്രസ്ക്ലബിനു സമീപം അമിതവേഗത്തില്‍ എത്തിയ ബസിടിച്ചു സ്കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റിരുന്നു.
റോഡിന്റെ ഇരുവശങ്ങളും ചേര്‍ത്തു ടാര്‍ ചെയ്തിരിക്കുന്ന കോട്ടയം- കുമരകം റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കു യാതൊരു പരിഗണനയും നല്കാതെയാണു സ്വകാര്യ ബസുകള്‍ പായുന്നത്. രാവിലെയും വൈകുന്നേരവും സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്ന വഴിയില്‍ തലനാരിഴയ്ക്കാണു അപകടം വഴിമാറുന്നത്. ഒട്ടുമിക്കപ്പോഴും റോഡിലെ കുഴികളില്‍ കിടക്കുന്ന ചെളിവെള്ളം കാല്‍നടയാത്രക്കാരുടെയും ദേഹത്തേക്കു തെറിപ്പിച്ചാണു ബസുകള്‍ പായുന്നത്.
അതേസമയം നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കു സ്വകാര്യ ബസുകള്‍ കയറുന്നതും ഇറങ്ങുന്നതും നിയമം പാലിക്കാതെയാണ്. നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും പോലീസും അധികൃതരും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറായിട്ടില്ല. മിക്കപ്പോഴും അമിത വേഗത്തിലെത്തുന്ന ബസുകള്‍ തിരുനക്കര സ്റ്റാന്‍ഡിലേക്കു കയറാനായി മത്സരിക്കുകയാണ്. സ്റ്റാന്‍ഡിലെത്തി ആദ്യം പോകുന്നതിനായി ടൗണ്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ അമിതവേഗമാണ് അപകടങ്ങള്‍ കൂടുന്നതിനു മുഖ്യകാരണം.
നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സമയങ്ങളില്‍ പോലും തിരക്കു പരിഗണിക്കാതെയുള്ള സ്വകാര്യ ബസുകളുടെ ഓട്ടം പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. നഗരത്തില്‍ സ്വകാര്യ ബസുകളുടെ മത്സര നിയന്ത്രിച്ചാല്‍ ഒരുപരിധി വരെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നു പറയപ്പെടുന്നു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പോലീസിന്റെ സേവനം ലഭ്യമാണെങ്കിലും സ്വകാര്യ ബസുകളുടെ യാത്ര തോന്നുംവിധമാണ്. ഇതിനിടയില്‍ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മുഴുവന്‍ വാഹന പരിശോധന ശക്തമാക്കിയെങ്കിലും നഗരത്തില്‍ തണുപ്പന്‍ പ്രതികരണമാണെന്ന ആക്ഷേപവും ശക്തമാണ്.