ഞെട്ടല്‍ മാറാതെ പള്ളിക്കത്തോട് ഗ്രാമം; ലൂസിയുടെ സംസ്കാരം ഇന്ന് ; ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കും

ktm-kolaകോട്ടയം: നാളുകള്‍ നീണ്ട കുടുംബവഴക്ക് ഒടുവില്‍ കലാശിച്ചത് കൊലപാതകത്തില്‍. ഇന്നലെ രാവിലെ 10.15ന് പള്ളിക്കത്തോട് ബസ്‌സ്റ്റാന്‍ഡിനുസമീപം നടന്ന കൊലപാതകം ഗ്രാമത്തെ നടുക്കി. അരുവിക്കുഴി തോണക്കരയില്‍ ലൂസി(52)യാണ് ഭര്‍ത്താവ് ജോര്‍ജി (56)ന്റെ കുത്തേറ്റു മരിച്ചത്. പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന സ്വകാര്യസ്ഥാപനത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളോടു ലൂസി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പിന്നില്‍ നിന്നു കുത്തേറ്റത്. ലൂസിയുടെ പിന്നില്‍ നിന്നെത്തിയ ജോര്‍ജ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിനു പിന്‍ഭാഗത്ത് കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കുനേരേ കത്തിവീശിയശേഷം ജോര്‍ജ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്നു ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന ലൂസിയെ പള്ളിക്കത്തോട് പോലീസ് എത്തിയാണു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിയശേഷം 11.30ഓടെ മരണം സംഭവിച്ചു.
നാളുകള്‍ നീണ്ട കുടുംബവഴക്കായിരുന്നു ജോര്‍ജും ലൂസിയും തമ്മിലുണ്ടായിരുന്നതെന്നും സംശയങ്ങളെത്തുടര്‍ന്നു മര്‍ദനം പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. ജോര്‍ജ്- ലൂസി ദമ്പതികള്‍ക്കു മൂന്നുമക്കളാണുള്ളത്. മൂത്തമകന്‍ ജിന്‍സ് വിവാഹിതനായി കുടുംബമായി വിദേശത്താണ്. രണ്ടാമത്തെ മകന്‍ ജെയിന്‍ ലൂസിക്കൊപ്പം മീനടത്തുള്ള വാടകവീട്ടിലായിരുന്നു താമസം. മൂന്നാമത്തെ മകള്‍ ആല്‍ഫി കല്‍ക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്.

ഏഴു മാസം മുമ്പാണു കുടുംബവഴക്കു രൂക്ഷമായതിനെതുടര്‍ന്നു ലൂസിയും രണ്ടാമത്തെ മകന്‍ ജെയിനും ചേര്‍ന്നു മീനടത്തു വീട് വാടകയ്‌ക്കെടുത്തു താമസം തുടങ്ങിയത്. ജോര്‍ജ് തനിച്ചു അരുവിക്കുഴിയിലെ വീട്ടില്‍ താമസിക്കുകയായിരുന്നു. ഭാര്യയും മകനും വീടു മാറി താമസം തുടങ്ങിയതോടെ ജോര്‍ജിനെ  മിക്കപ്പോഴും അസ്വസ്ഥനായിട്ടാണ് കണ്ടിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. പിന്നിടു പലസ്ഥലങ്ങളില്‍ വച്ചു ഭാര്യയെയും മകനെയും കാണുമ്പോള്‍ ഇയാള്‍ വഴക്കുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

10 വര്‍ഷം മുമ്പു ജോര്‍ജ് ജോലിക്കായി വിദേശത്തേക്കു പോയിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ് ഇയാള്‍ വിദേശത്തുനിന്നും ജോലി ഉപേക്ഷിച്ചു തിരികെ നാട്ടില്‍ എത്തിയത്. തുടര്‍ന്നാണു ഇവര്‍ തമ്മിലുള്ള കുടുംബവഴക്കു രൂക്ഷമായത്. ജോര്‍ജു വിദേശത്തുനിന്നും നാട്ടിലേക്കു അയച്ചിരുന്ന പണം ലൂസി ധൂര്‍ത്തടിക്കുന്നതായി പറഞ്ഞാണ് ആദ്യഘട്ടത്തില്‍ വഴക്കുണ്ടായത്. ജോര്‍ജ് നിര്‍ബന്ധിച്ചായിരുന്നു മൂത്തമകന്‍ ജിന്‍സിനെ നഴ്‌സിംഗ് പഠനത്തിനു അയച്ചത്.

രണ്ടാമത്തെ മകന്‍ ജെയിനെ പഠനത്തിനു അയച്ചെങ്കിലും ഇയാള്‍ കോഴ്‌സ് പൂര്‍ത്തിയാക്കാതെ തിരികെയെത്തിയത് ജോര്‍ജിനെ ചൊടിപ്പിച്ചു. ഇതും കുടുംബ കലഹത്തിനു കാരണമായിരുന്നു. തുടര്‍ന്നു രണ്ടു വര്‍ഷത്തോളം ജെയിനെ വീട്ടില്‍ കയറ്റാന്‍ ജോര്‍ജ് തയാറായിരുന്നില്ല. പിന്നീടു നിരവധിപേരുടെ മധ്യസ്ഥ ചര്‍ച്ചയിലാണു ജെയിനെ വീട്ടില്‍ കയറ്റാന്‍ തയാറായത്. പലപ്പോഴും ജോര്‍ജും ലൂസിയും തമ്മിലുള്ള വഴക്കിനിടയില്‍ മധ്യസ്ഥരായി എത്തുന്നതും മക്കളായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെയുണ്ടായ അക്രമത്തില്‍ തടസം പിടിക്കാന്‍ മക്കളില്ലാതെ വന്നതോടെയാണു ജോര്‍ജ് ലൂസിയെ കൊലചെയ്തത്.

അതേസമയം, ജോര്‍ജിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. ലൂസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ലൂസിയുടെ സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് 2.30ന് അരുവിക്കുഴി ലൂര്‍ദ്മാതാ പള്ളിയില്‍ നടക്കും.

Related posts