ട്രോളന്‍മാര്‍ വാഴുന്ന കാലം

TROLLഎന്തിനും ഏതിനും ട്രോള്‍ എന്നതാണ് ഇക്കാലത്തെ ഒരു ട്രെന്‍ഡ്. അതിഗൗരവമായ കാര്യങ്ങള്‍ പോലും തമാശയാക്കി മാറ്റി അവതരിപ്പിക്കുന്നതാണ് ട്രോളുകള്‍ ജനപ്രിയമാകാന്‍ കാരണം. ചുറ്റും നടക്കുന്ന കാര്യങ്ങളെ ചൂടന്‍ പരിഹാസത്തിലൂടെ വിമര്‍ശിക്കാന്‍ ഈ ട്രോളുകള്‍ മുന്‍പന്തിയിലാണ്. അല്ലെങ്കില്‍ തന്നെ എന്തിനെയും കുറിച്ച് പരിഹാസം ചേര്‍ത്ത് വിമര്‍ശിക്കാനുള്ള കഴിവ് മലയാളികള്‍ക്ക് പൊതുവായി ഉള്ളതാണ്. ഈ കഴിവ് ഇത്തിരി വളര്‍ന്ന് പുതിയ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് പൊലിപ്പിച്ച് അവതരിപ്പിക്കുന്നതാണ് പുതിയ ഇന്റര്‍നെറ്റ് ട്രോളുകളുടെ രീതി.

ആക്ഷേപഹാസ്യം എന്ന അര്‍ഥത്തിലാണ് ഇന്ന് ട്രോള്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്. നമ്മുടെ ഇടയില്‍ നടക്കുന്ന കാര്യങ്ങള്‍ അതിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ ചിലപ്പോള്‍ അതിന്റെ ഗൗരവം അപ്പാടെ ചോര്‍ത്തിക്കളയുന്ന തരത്തിലും ട്രോളുകള്‍ അവതരിക്കാറുണ്ട്. പഴയകാലത്ത് കാര്‍ട്ടൂണുകള്‍ വന്നിരുന്നതു പോലെ വരയിലൂടെ അല്ല ഇന്നത്തെ ട്രോളുകള്‍. സിനിമകളില്‍ നിന്നുള്ള ഭാഗങ്ങളുടെ ചിത്രങ്ങളില്‍ സംഭാഷണങ്ങള്‍ ചേര്‍ത്ത് അവതരിപ്പിക്കുകയാണ് പുത്തന്‍ തലമുറയുടെ ആക്ഷേപഹാസ്യത്തിന്റെ രീതി.

മന്ത്രിമാരുടെ നാക്കുപിഴക്കല്‍ മുതല്‍ മലയാളികള്‍ തീവ്രവാദ സംഘടനയില്‍ ചേരാന്‍ പോയ വാര്‍ത്ത വരെ ട്രോളുകളുടെ രൂപത്തില്‍ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് ഏതൊരു സംഭവമുണ്ടായാലും ആള്‍ക്കാര്‍ ആദ്യം തിരയുക ട്രോളുകളെ ആയിരിക്കുന്ന ഒരു സ്ഥിതി ഉണ്ട്്്. അത്രത്തോളം സാര്‍വത്രികമായിരിക്കുന്നു ഇന്ന് ട്രോളുകള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കടുത്ത പരിഹാസവും വിമര്‍ശനവുമാണെങ്കിലും ട്രോളുകള്‍ക്ക് ലഭിച്ചിരിക്കുന്ന സ്വീകാര്യതയുമാണ് ഇത് വ്യക്തമാക്കുന്നത്. പണ്ടു കാലത്ത് കാര്‍ട്ടൂണുകള്‍ ചെലുത്തിയിരുന്ന സ്വാധീനത്തിന് സമാനമായ, ഒരു പക്ഷേ അതിനേക്കാള്‍ അധികമായി സ്വാധീനം ജനമനസുകളില്‍ ട്രോളുകള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ ഇന്റര്‍നെറ്റ് പതിപ്പ് എന്നു വേണമെങ്കില്‍ ട്രോളുകളെ വിശേഷിപ്പിക്കാം. ഇത്തരം ട്രോളുകള്‍ ഉണ്ടാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രത്യേകം സംഘങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ഐസിയുവും ട്രോള്‍ മലയാളവും

ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം എന്നീ കൂട്ടായ്മകള്‍ നിര്‍ലോഭം ട്രോളുകള്‍ പടച്ചുവിടുകയും സമകാലീന സംഭവവികാസങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വിമര്‍ശിക്കുകയും ചെയ്യുന്നവരില്‍ പ്രധാനികളാണ്. ഇവര്‍ സൃഷ്ടിക്കുന്ന ട്രോളുകള്‍ കണ്ട് ചിരി പൊട്ടാത്തവരുണ്ടെന്നു തന്നെ വിശ്വസിക്കാന്‍ പ്രയാസമാകുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്. അത്രയ്ക്ക് തന്മയത്വത്തോടെയാണ് സമകാലീന വിഷയങ്ങളിലെ ചിരിയുടെ അംശങ്ങള്‍ കണ്ടെത്തി ഈ കൂട്ടായ്മകള്‍ അവതരിപ്പിക്കുന്നത്. ഫേസ്ബുക്കാണ് ഇത്തരം കൂട്ടായ്മകളുടെ കേന്ദ്രം. ഫേസ്ബുക്കില്‍ പ്രത്യേകം ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അംഗങ്ങളാകുന്നവര്‍ക്ക്് ഈ കൂട്ടായ്മയുടെ ഭാഗമായി ഇവരുടെ ഫേസ്ബുക്ക് പേജുകളില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്.  മൂന്ന് ലക്ഷത്തിനടുത്ത് ലൈക്കുകള്‍ ഐസിയു, ട്രോള്‍ മലയാളം എന്നിവയുടെ ഫേസ്ബുക്ക് പേജുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഇത്തരം ട്രോളുകള്‍ക്കു പ്രത്യേകിച്ച് വിഷയങ്ങള്‍ തന്നെ ആവശ്യമായില്ല. ഏത് ചെറിയ സംഭവത്തിലും തമാശ കണ്ടെത്തി അത് രസകരമായി അവതരിപ്പിക്കുകയാണ് ഈ ട്രോള്‍ ഗ്രൂപ്പുകളുടെ പരിപാടി. 2014 ന്റെ അവസാനത്തോടെയും 2015 ന്റെ ആരംഭത്തോടെയുമാണ് ട്രോളുകളുടെ കുത്തൊഴുക്ക് ആരംഭിച്ചത് എന്ന് വേണമെങ്കില്‍ പറയാം.

വിഷയം ഒരു വിഷയമേയല്ല

കെ.എം. മാണിയുടെ അവസാന ബജറ്റ്, തിരുവഞ്ചൂരിന്റെ സിനിമാ അവാര്‍ഡ് പ്രഖ്യാപനം, ഇ.പി. ജയരാജന്റെ മുഹമ്മദലി അനുസ്മരണം, നികേഷ്കുമാറിന്റെ കിണറ്റില്‍ ഇറക്കം, 2015 ലെ എസ്എസ്എല്‍സി പരീക്ഷാഫലം എന്നിവ രാഷ്ട്രീയ രംഗത്ത് ഏറെ ഹിറ്റായ ട്രോളുകളായിരുന്നു. ദേശീയ ഗെയിംസില്‍ മോഹന്‍ലാലിന്റെ ലാലിസം പരിപാടി, മമ്മൂട്ടിയുടെ പുകവലി, കസബ സിനിമയുടെ പോസ്റ്റര്‍, വിജയിയുടെ പുലി സിനിമ, മുകേഷിന്റെ ആരാധകനോടുള്ള തെറിവിളി തുടങ്ങി നിരവധി സിനിമാ സംബന്ധിയായ ട്രോളുകളും കണ്ടു.  ഏറ്റവുമൊടുവില്‍ ഐഎസ് തീവ്രവാദ സംഘടനയിലേക്ക് മലയാളികള്‍ എത്തിപ്പെട്ടു എന്ന വാര്‍ത്തയാണ് ട്രോളന്മാരുടെ ഇഷ്ടവിഷയമായി മാറിയിരിക്കുന്നത്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പെട്രോള്‍ ഡീസല്‍ വിലവര്‍ധന, സെലിബ്രിറ്റികളുടെ നാക്കുപിഴകള്‍, പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനം, ബീഫ് വിവാദം, വിജയകാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി എല്ലാ സമകാലീന വിഷയങ്ങളിലും ട്രോളന്മാര്‍ ചിരി കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് വലിയ സ്വീകാര്യത നേടാന്‍ ട്രോളുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുള്ള വ്യക്തികള്‍ ചേര്‍ന്ന് രൂപം കൊടുക്കുന്നതിനാല്‍ തന്നെ ഏകപക്ഷീയ ട്രോളുകള്‍ വളരെ കുറവാണ്. എല്ലാ കാര്യങ്ങളുടെയും ഇരുവശങ്ങളില്‍ നിന്നു കൊണ്ടുള്ള പ്രതികരണങ്ങളാണ് ട്രോളുകളിലൂടെ പുറത്തുവരുന്നത്. നല്ലതിനെയും ചീത്തയെയും ഒരു പോലെ ട്രോളുക എന്നുള്ളത് ഇന്ന് ഒരു രീതിയായി മാറിയിരിക്കുകയാണ്.

വിദേശ യാത്രകളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവാദ പ്രസ്താവനകളിലൂടെ സ്വാധ്വി പ്രാച്ഛിയും, സിനിമാ അവാര്‍ഡിലെ നാക്കുപിഴയിലൂടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരകളാണ്. എങ്കിലും വ്യക്തിഹത്യയുടെ തലത്തിലേക്ക് ട്രോളുകള്‍ പോകാറില്ല എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. തന്റെ സിനിമയായ കസബയുടെ പോസ്റ്ററിന് വന്ന ട്രോളുകള്‍ ഫേസ്ബുക്കില്‍ റീപോസ്റ്റ് ചെയ്ത് ചലച്ചിത്രതാരം മമ്മൂട്ടിയും അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുമ്പ് ഒരു കാലത്ത് കാര്‍ട്ടൂണുകളും ആക്ഷേപഹാസ്യവും ചെയ്തുപോന്നിരുന്നു ഒരു തിരുത്തല്‍ പ്രക്രിയ ഇന്ന് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നു.

Related posts