കോതമംഗലം: ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച താലൂക്കിലെ കവളങ്ങാട്, പൈങ്ങോട്ടൂര്‍, കുട്ടമ്പുഴ, കീരമ്പാറ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് വിദഗ്ധ സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും നിയന്ത്രണവിധേയമാകാതെ രോഗികളുടെ എണ്ണം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം വിദഗ്ദസംഘം പരിശോധനയ്ക്കെത്തിയത്. നെല്ലിമറ്റം പോത്തുകുഴി, ചാത്തമറ്റം, ആവോലിച്ചാല്‍, മാമലകണ്ടം എന്നിവിടങ്ങളിലെല്ലാം സംഘം സന്ദര്‍ശനം നടത്തി. സംസ്ഥാന എപ്പിടമോളജിസ്റ്റുകളായ ഡോ. എ. സുകുമാരന്‍, ഡോ. ഉമറൂള്‍ ഫറൂഖ് എന്നിവരാണ് സംഘാംഗങ്ങള്‍.
ഇവര്‍ക്കൊപ്പം ആരോഗ്യവകുപ്പില്‍ നിന്നുള്ള അഡീഷണല്‍ ഡിഎംഒ ഡോ. വി.എന്‍. ബാലഗംഗാധരന്‍, പി.എന്‍. ശ്രീനിവാസന്, വി.ജി. അശോക് കുമാര്‍, കെ.പി. വിനു, ഇ.വി. ഏബ്ര ഹാം, എം.എന്‍. ജഗദീഷ് എന്നിവരുമുണ്ടായിരുന്നു. രോഗബാധിത മേഖലകളില്‍ നിന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി വിവിധ തരത്തിലുള്ള സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണെന്ന് സംഘം കണെ്ടത്തി. ഇവിടുത്തെ ഭൂപ്രകൃതിയും മറ്റു സാഹചര്യങ്ങളും കൊതുകുകള്‍ പെരുകാന്‍ അനുകൂലമാണെന്നും സംഘം വിലയിരുത്തി.
കൊതുകുകള്‍ പെരുകുന്ന സാഹചര്യം നിയന്ത്രണവിധേയമാക്കുന്നത് പ്രയാസമേറിയ കാര്യമാണ്. എല്ലാവരുടേയും കൂട്ടായ പരിശ്രമമമാണ് ഇതിന് ആവശ്യമെന്ന് സംഘത്തലവന് ഡോ. എ. സുകുമാരന്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ നിരന്തരം നിരീക്ഷണമേര്‍പ്പെടുത്താനാണ് സംഘത്തിന്റെ ശുപാര്‍ശ. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണെ്ടന്നും വിദഗ്ദസംഘം വിലയിരുത്തി.സംസ്ഥാനത്തെ മറ്റ് ഡങ്കിപനി ബാധിത മേഖലകളിലും വിദഗ്ദ സംഘം സന്ദര്‍ശനം നടത്തിയ ശേഷം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.