ഡെല്‍റ്റയ്ക്കു ഇനി നേരേ നില്‍ക്കും; നട്ടെല്ലു നിവര്‍ത്തി! അമല മെഡിക്കല്‍ കോളജില്‍ അപൂര്‍വ സ്‌പൈന്‍ ശസ്ത്രക്രിയ

DELLAതൃശൂര്‍: ഡെല്‍റ്റ സ്കൂളിലേക്കു പോയി, തലയെടുപ്പോടെ തന്നെ. ആറാം ക്ലാസുകാരിയായ ഡെല്‍റ്റയ്ക്കു നടു വളഞ്ഞിരുന്നതിനാല്‍ ഇതുവരെ നിവര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. തലയുയര്‍ത്തി പിടിച്ചുനില്‍ക്കാന്‍ വിഷമിക്കുകയായിരുന്നു 11 വയസുകാരിയായ ഡെല്‍റ്റ. കൂടാതെ ഹൃദയത്തിന്റെ അസുഖവും അവളെ തളര്‍ത്തിയിരുന്നു. നട്ടെല്ലിന്റെ വളവ് വര്‍ഷംചെല്ലുന്തോറും അധികരിച്ചതിനാല്‍ പഠനത്തെയും ബാധിച്ചിരുന്നു.

തൃശൂര്‍ വെട്ടുകാട് തൂങ്കുഴി പരേതനായ ബേബി തോമസിന്റെയും ജാന്‍സിയുടെയും നാലു കുട്ടികളില്‍ ഇളയവളാണ് ഡെല്‍റ്റ. ഹൃദയാഘാതം മൂലം പിതാവ് ബേബി മരിച്ചതിനാല്‍ കുടുംബം അനാഥമായിരുന്നു. പറക്കമുറ്റാത്ത കുട്ടികളായതിനാല്‍ ജാന്‍സിക്ക് ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയും. 88 ഡിഗ്രി വളവായിരുന്നു നടുവിന് ഉണ്ടായിരുന്നത്. വളവ് കൂടുതലായതിനാല്‍ ഓപ്പറേഷന്‍ റിസ്കും കൂടുതലായിരുന്നു. സാധാരണയായി 60 ഡിഗ്രി വളവ് വരെയുള്ളവര്‍ക്കു മാത്രമേ കീഹോള്‍ ഓപ്പറേഷന്‍ നടത്താറുള്ളൂവത്രേ. കേരളത്തില്‍ ആദ്യമായിട്ടാണ് 88 ഡിഗ്രി വളവ് തൊറോക്കോ സ്‌കോപ്പി വഴി സുഖപ്പെടുത്തുന്നത്.

ഇപ്പോള്‍ നേരിയ വളവ് മാത്രമേ ഡെല്‍റ്റയ്ക്കുള്ളൂ. അമല മെഡിക്കല്‍ കോളജില സ്‌പൈന്‍ വിഭാഗം മേധാവി ഡോ. സ്‌കോട്ട് ചാക്കോയും അനസ്തറ്റിസ്റ്റ് ഡോ. പോള്‍ റാഫേലും ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കി. അമല മാനേജ്‌മെന്റിന്റെയും വിവിധ ജീവകാരുണ്യ സംഘടനകളുടെയും സഹായത്തോടെയാണ് ചെലവേറിയ ശസ്ത്രക്രിയ സൗജന്യമായി നിര്‍വഹിച്ചത്. തൊറോക്കോ സ്‌കോപിക് സ്‌പൈന്‍ കറക്ഷന്‍ നടത്തുന്ന കേരളത്തിലെ ഏക ആശുപത്രിയാണ് അമല.

Related posts