തലശേരി: അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും വൃദ്ധയായ സ്ത്രീ ചികിത്സകിട്ടാത്തതിനെ തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിലും ടൗണ്‍ സിഐ മനോജ്, പ്രിന്‍സിപ്പല്‍ എസ്ഐ സി. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണമാരംഭിച്ചു. നിര്‍മാണ തൊഴിലാളിയായ തമിഴ്നാട് കിള്ളിക്കുറിശിയിലെ പച്ചമുത്തു (50) വും കൊയിലാണ്ടി കൊല്ലം സ്വദേശിനി ഫാത്തിമ (80) യുമാണ് വ്യത്യസ്ത സാഹചര്യങ്ങളില്‍ ഇന്നലെ മരണമടഞ്ഞത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് എരഞ്ഞോളി പാലത്തിനു സമീപമുള്ള ക്വാര്‍ട്ടേഴ്സില്‍ കാലില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ പച്ചമുത്തുവിനെ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിത്. ഉടന്‍ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് പച്ചമുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പച്ചമുത്തു താമസിച്ചിരുന്ന മുറിയും പരിസരവും എസ്ഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ച് തെളിവെടുപ്പ് നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.
പനിയെ തുടര്‍ന്ന് അവശനിലയില്‍ തലശേരി ജനറല്‍ ആശുപത്രിയിലെത്തിയ ഫാത്തിമയെ കൂടെ നില്ക്കാന് അളില്ലെന്ന കാരണത്താല്‍ ആശുപത്രി അധികൃതര്‍ മരുന്നു നല്കി തിരിച്ചയക്കുകയും ബസ് സ്റ്റാന്‍ഡിലെത്തിയ ഉടന്‍ ഇവര്‍ കുഴഞ്ഞ് വീണ് മരിക്കുകയുമായിരുന്നു. അവശനിലയില്‍ ബസ് സ്റ്റാന്‍ഡില്‍ കാണപ്പെട്ട ഫാത്തിമയെ സമീപത്തെ വ്യാപാരികളാണ് നിര്‍ബന്ധിച്ച് ആശുപത്രിയിലേക്കയച്ചത്.
ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ കൂടെ ആളില്ലെന്നു കണ്ടതിനാല്‍ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നുവത്രെ. ബസ് സ്റ്റാന്‍ഡിലെത്തിയ ഫാത്തിമ വ്യാപാരികളോട് ഡോക്ടര്‍ തന്നെ ആശുപത്രി കിടത്തി ചികിത്സിക്കാന്‍ തയാറായില്ലെന്ന് പറയുകയും കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു.
പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് തലശേരി ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഫാത്തിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണമടഞ്ഞിരുന്നു. വിദേശത്തടക്കം മക്കളുള്ള ഫാത്തിമ ഏതാനും ദിവസങ്ങളാണ് ബസ് സ്റ്റാന്‍ഡിലാണ് കഴിഞ്ഞു വന്നിരുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ട്കൊടുക്കും. ജനറല്‍ ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയാണ് ഫാത്തിമയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ടൗണ്‍ സിഐ മനോജ് രാഷ്ട്രദീപികയോട് പറഞ്ഞു.