തളിപ്പറമ്പ്: പാവപ്പെട്ടവര്‍ക്ക് ആശ്രയമായ തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെന്ന് പ്രഖ്യാപിച്ചതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് ആരോഗ്യമന്ത്രിയുടെ പാര്‍ട്ടി നടത്തുന്ന സഹകരണ ആശുപത്രിയെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗം ആരോപിച്ചു. ആശുപത്രിയുടെ വികസനം വഴിമുട്ടി നില്‍ക്കുമ്പോഴും ഇക്കാര്യത്തില്‍ സ്ഥലം എംഎല്‍എ വച്ചുപുലര്‍ത്തുന്ന നിസംഗ മനോഭാവം സംശയാസ്പദമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ആശുപത്രിയുടെ വികസനം തടസപ്പെടുത്തുന്ന സമീപനം അവസാനിപ്പിക്കാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ടി.ടി. സോമന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്, എന്‍.കെ.ഇ. ചന്ദ്രശേഖരന് നമ്പൂതിരിപ്പാട്, മുണ്ടേരി ചന്ദ്രന്, കെ. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.