തൃശൂര്‍: രാജ്യത്തെ വൃത്തിയില്ലാത്ത റെയില്‍വേ സ്റ്റേഷനെന്ന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനെ വൃത്തിയുള്ളതാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചാണ് നവീകരണത്തിന് തുടക്കം കുറിക്കുന്നത്. തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും റെയില്‍വേ അധികാരികളുമാണ് ഇതിനുള്ള അവസരമൊരുക്കിയിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്റെ മെയില്‍ കവാടത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാനുള്ള ബോക്‌സ് സ്ഥാപിച്ചു. ഇതില്‍ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് മേലധികാരികള്‍ക്ക് നല്‍കും. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള എ വണ്‍ സ്‌റ്റേഷനാക്കി ഉയര്‍ത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ വൃത്തികുറഞ്ഞ സ്റ്റേഷനാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയിരുന്നത്. എ വണ്‍ സ്‌റ്റേഷനായിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ കൂടുതലായിട്ടും റെയില്‍വേ സ്‌റ്റേഷന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇനിയും അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. എസ്കലേറ്ററിന്റെയും ലിഫ്റ്റിന്റെയുമൊക്കെ പണികള്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും ഇതുവരെ പണി പൂര്‍ത്തിയാക്കിയിട്ടില്ല. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് സാധനങ്ങള്‍ കടത്താന്‍ ട്രാക്ക് ചാടി കടക്കേണ്ട ഗതികേടാണ് ഇപ്പോഴും. റെയില്‍വേ സ്‌റ്റേഷന്റെ രണ്ടറ്റത്തും യാത്രക്കാര്‍ക്ക് കടന്നു പോകാനുള്ള സൗകര്യമുണ്ടെങ്കിലും അകലെയായതിനാല്‍ അധികമാരും ഉപയോഗിക്കാറില്ല.