തൃശൂര്‍-ഷൊര്‍ണൂര്‍ വഴി പാലക്കാട്ടേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടങ്ങി

ktm-ksrtcഷൊര്‍ണൂര്‍: തൃശൂര്‍-ഷൊര്‍ണൂര്‍ വഴി പാലക്കാട്ടേയ്ക്കുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ജനകീയാവശ്യം. ഈ റൂട്ടിലുണ്ടാ യിരുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടു രണ്ടുവര്‍ഷമായി. ലാഭകരമായ ഈ റൂട്ടില്‍ വീണ്ടും സര്‍വീസ് ആരംഭിക്കാത്തത് ചില സ്വകാര്യ ബസ് സര്‍വീസുകളെ സംരക്ഷിക്കുന്നതിനാണെന്ന ആക്ഷേപം ശക്തമാണ്. ഡ്രൈവര്‍മാരില്ലെന്ന കാരണം പറഞ്ഞാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രധാനപ്പെട്ട ഈ റൂട്ടിനെ കെഎസ്ആര്‍ടിസി കൈയൊഴിയുന്നത് ജനങ്ങളോടുള്ള അവഗണനയാണെന്നാണ് ആക്ഷേപം. മുമ്പ് രാവിലെ എട്ടരയ്ക്ക് തൃശൂരില്‍നിന്നും പുറപ്പെടുന്നതും ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടുന്നതുമായ രണ്ടു ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇവ തിരിച്ചും സര്‍വീസ് നടത്തുന്നതോടെ പ്രതിദിനം നാലു സര്‍വീസുകള്‍ ഷൊര്‍ണൂര്‍, ഒറ്റപ്പാലം വഴിയുണ്ടായിരുന്നു. മികച്ച കളക്ഷനുണ്ടായിരുന്ന റൂട്ടു കൂടിയായിരുന്നു ഇത്.

ഇതുമൂലം സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആര്‍ടിസി ബസ് ജീവനക്കാരും തമ്മില്‍ പ്രശ്‌നങ്ങളും സാധാരണമായിരുന്നു. കെഎസ്ആര്‍ടിസി ബസുകളുടെ വരവ് സ്വകാര്യ ബസുകളെ ശരിക്കും ബാധിച്ചിരുന്നു. സ്വകാര്യബസ് കമ്പനികള്‍ക്ക് കെഎസ്ആര്‍ടിസി സൗകര്യം ഒരുക്കുന്നതിനാണ് സര്‍വീസ് നിര്‍ത്തലാക്കിയതെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും അധികൃതര്‍ നിലപാടില്‍ ഉറച്ചുനിന്നു. നിലവില്‍ പാലക്കാട്ടുനിന്ന് ഒറ്റപ്പാലം- ഷൊര്‍ണൂര്‍ വഴി ഒരു കെഎസ്ആര്‍ടിസി ബസുപോലും നിലവിലില്ല.

അതേസമയം നൂറോളം സ്വകാര്യബസുകളാണ് ഇതുവഴിയുള്ളത്. പൊതുവേ പാലക്കാട് ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കുറവാണ്. തൃശൂര്‍-ഒറ്റപ്പാലം റൂട്ടില്‍ പൂര്‍ണമായും കെഎസ്ആര്‍ടിസി ബസ് ഇല്ലെന്നുതന്നെ പറയാം.നേരത്തെ പാലക്കാട്-ഒറ്റപ്പാലം വഴി തൃശൂരിലേക്കും തുടര്‍ന്നു കൊട്ടാക്കരയ്ക്കും സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കിയ ഘട്ടത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

പാലക്കാട്- ഗുരുവായൂര്‍ റൂട്ടിലും കെഎസ്ആര്‍ടിസി ബസുകള്‍ കുറവാണ്. ഗുരുവായൂര്‍ യാത്രയ്ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതലായി ഓടിയാല്‍ തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനപ്പെടും. ഇതോടൊപ്പം കെഎസ്ആര്‍ടിസിക്ക് ഏറെ ലാഭകരവുമാകും.

Related posts