മിക്ക കൂടിച്ചേരലുകളിലും ഇന്നു സത്കാരം ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു. അവിടെ നിന്നു കഴിക്കുന്ന പഫ്‌സ്, ലഡു, വിവിധതരം ഫലങ്ങള്‍ തുടങ്ങിയവയൊക്കെ കഴിച്ച് വീട്ടിലെത്തിയാല്‍ മിക്കവരും വീട്ടിലെ പതിവു ക്വാട്ട വിട്ടുകളയില്ല.
നാമറിയാതെ തന്നെ നമുക്ക് അധികമായ ഊര്‍ജം ലഭിക്കുന്നു. പക്ഷേ, അതേസമയം നാ ചെലവാക്കുന്ന ഊര്‍ജം വളരെ കുറവും. ചെലവാക്കുന്നതിനേക്കാള്‍ ഏറെ ഊര്‍ജം നമുക്കു കിട്ടുന്നു.
നഗരജീവിത ശൈലി ഗ്രാമങ്ങളിലേക്കും വ്യാപിച്ചതോടെ ജീവിതശൈലി രോഗങ്ങള്‍ നാട്ടിന്‍പുറത്തുമെത്തി. കായികാധ്വാനം ഇല്ലാതെയായി.
ഭക്ഷണശീലങ്ങളും പാടെമാറി. അതിനാല്‍ പ്രമേഹത്തിനു ഗ്രാമനഗര ഭേദങ്ങളില്ല. നഗരത്തിലുളളതു പോലെ ഗ്രാമത്തിലും പ്രമേഹബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.
എല്ലാം മധുരം തന്നെ
ചായയ്ക്ക് രണ്ടു സ്പൂണ്‍ പഞ്ചസാര ഉപയോഗിച്ചു വരുന്നവര്‍ ഒരു സ്്പൂണില്‍ നിര്‍ത്തിയാല്‍ അത്രയും നല്ലത്.
തേന്‍, ശര്‍ക്കര, കരുപ്പട്ടി, കല്‍ക്കണ്ടം എന്നിവയിലെല്ലാം തന്നെ മധുരമുണ്ട്. ഒന്നും സേഫാണ് എന്നു പറയാനാവില്ല. എല്ലാത്തിലും ഗ്ലൂക്കോസ് അല്ലെങ്കില്‍ ഫ്രക്‌റ്റോസ് അടങ്ങിയിട്ടുണ്ട്. എല്ലാം മധുരം തന്നെ.
തേന്‍ സിറപ്പിന്റെ രൂപത്തിലായതിനാല്‍ മധുരം കൂടുതലാണ്. ഗാഢതയേറിയതിനാല്‍ കുറച്ചു കഴിച്ചാല്‍ മതി. ഒരു ടീ സ്പൂണ്‍ കഴിച്ചാലും ധാരാളം, കലോറി കൂടുതലാണ്. തേനില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ടെന്നു കരുതി ഒരു പ്രമേഹ രോഗി പഞ്ചസാരയ്ക്കു പകരം തേന്‍ കഴിക്കുന്നതു ഗുണകരമല്ല.
നമ്മുടെ ജീവിതശൈലിയും ഭക്ഷണശീലവും ഇന്ന് ഏറെ മാറിയിരിക്കുന്നു. 25 വയസു മുതല്‍ തന്നെ പ്രമേഹസാധ്യത കുറയ്ക്കാനുള്ള നിയന്ത്രണങ്ങളും കരുതലും സ്വീകരിക്കണം. 30 വയസില്‍ തന്നെ പ്രമേഹവും രക്തസമ്മര്‍ദവുമൊക്കെ പിടിപെടുന്നവര്‍ ഇന്നു ധാരാളം. ബിപി കൂടുതലുള്ളവര്‍ക്കു പ്രമേഹം പിടിപെടണമെന്നില്ല. പക്ഷേ, പ്രമേഹമുള്ളവര്‍ക്കു രക്തസമ്മര്‍ദസാധ്യത കൂടുതലാണ്. ഈ പശ്ചാത്തലത്തിലാണ് ഹയര്‍ സെക്കന്‍ഡറി മുതല്‍ രക്തസമ്മര്‍ദത്തിനുള്ള സ്ക്രീനിംഗ് സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എത്രയും നേരത്തേ ആഹാരക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധയും നിയന്ത്രണവും പുലര്‍ത്തിയാല്‍ അത്രയും നല്ലത്.
പ്രമേഹലക്ഷണങ്ങള്‍ അവഗണിക്കരുത്
ചിലര്‍ക്കു ദാഹവും വിശപ്പും ഏറെ കൂടുതലായിരിക്കും. ക്ഷീണം അസഹ്യമായിരിക്കും. ഇടയ്ക്കിടെ മൂത്രമൊഴിക്കും. ചിലര്‍ അമിതമായി വിയര്‍ക്കും. ഇവയൊക്കെ അനുഭവപ്പെട്ടാല്‍ അവഗണിക്കരുത്. ഫിസിഷ്യനെ കണ്ട് മെഡിക്കല്‍ ചെക്കപ്പിനു വിധേയമാകണം. രക്തപരിശോധനയില്‍ പ്രമേഹമുണ്ടെന്നു തെളിഞ്ഞാല്‍ അപ്പോള്‍ത്തന്നെ ആഹാര നിയന്ത്രണത്തിലൂടെ 50 ശതമാനം, വ്യായാമത്തിലൂടെ 25 ശതമാനം, മരുന്നിലൂടെ 25 ശതമാനം എന്നിങ്ങനെ പ്രമേഹം നിയന്ത്രിക്കാനാകും. ചികിത്സയുടെ ഉദ്ദശ്യം തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കുക എന്നതാണ്
വിവരങ്ങള്‍: ഡോ. അനിതമോഹന്‍
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്റ്
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്