തൊഴിലാളികളുടെ സ്വന്തം സഖാവ്

tvm-sahavuഎം.പ്രേംകുമാര്‍
തിരുവനന്തപുരം : തൊഴിലാളികളെ പഠിപ്പിക്കുകയും തൊഴിലാളികളില്‍ നിന്നും പഠിക്കുകയും ചെയ്ത സമരാവേശമായിരുന്നു സഖാവ് കെ. അനിരുദ്ധന്‍. 60-75 കാലഘട്ടത്തില്‍ ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഭാതം പുലരുന്നതു അനിരുദ്ധനെപ്പോലുള്ള നേതാക്കളിലൂടെയായിരുന്നൂവെന്നുള്ള വസ്തുതയ്ക്കു ചരിത്രത്തിന്റെ പിന്‍ബലവും ഉള്‍വിളിയുമുണ്ട്. ആര്‍ക്കും എങ്ങനെയും സമീപിക്കാവുന്ന നേതാവായിരുന്ന അദ്ദേഹം ജീവിതത്തിന്റെ അവസാന നാളുകളിലും അങ്ങനെതന്നെയായിരുന്നു. ചുമട്ടുതൊഴിലാളികളോടു വല്ലാത്ത അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിനു ഓരോ തൊഴിലാളിയേയും പേരെടുത്തു വിളിക്കാന്‍ കഴിയുമായിരുന്നൂ. ഒരുപക്ഷേ ഇന്നുള്ള ഒരു രാഷ്ട്രീയ നേതാവിനും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ് അനിരുദ്ധന്റെ ഈ പ്രത്യേകത. അതുകൊണ്ടാണു കുടിലുമുതല്‍ കൊട്ടാരം വരെ കീഴടക്കിയ നേതാവായി ജനങ്ങള്‍ അദ്ദേഹത്തെ നോക്കിക്കാണുന്നത്.

വിദ്യാര്‍ഥിസമരങ്ങളലൂടെയാണ് അനിരുദ്ധന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു കടന്നുവരുന്നത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥി സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. കശ്മീരില്‍ ജവഹര്‍ലാല്‍ നെഹ്‌റു നേതൃത്വം നല്‍കിയ സമരത്തിനു നേരെ ബ്രട്ടീഷ് പട്ടാളം വെടിവച്ചെന്ന വാര്‍ത്തയെത്തുടര്‍ന്നു പഠിപ്പുമുടക്കിനു നേതൃത്വം നല്‍കിയ അനിരുദ്ധനെ സ്കൂളില്‍ നിന്നും പുറത്താക്കി. സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തിനു അഭിവാദ്യമര്‍പ്പിച്ചു നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തതിനു  തിരുവനന്തപുരത്തെ എസ്എംവി സ്കൂളില്‍ നിന്നും പിരിച്ചുവിട്ടു. യുണിവേഴ്‌സിറ്റി കോളജില്‍ നിന്നും രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം കേരള സര്‍വകലാശാല യൂണിയന്റെ ആദ്യരൂപമായിരുന്ന ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരനായ ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്നു മദ്രാസ് ലോ കോളജില്‍ നിന്നും ബിഎല്‍ ബിരുദം നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ മലയാളത്തെ കൂടാതെ ഇംഗ്ലീഷിലും തമിഴിലും മനോഹരമായി പ്രസംഗിക്കുമായിരുന്നു.

അഭിഭാഷകനാകാന്‍ കൊതിച്ച അനിരുദ്ധന്‍ കോടതിയില്‍ പോകാതെ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി മലബാറില്‍ സി.കണ്ണന്റെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ അരങ്ങേറുമ്പോള്‍ തിരുവനന്തപുരത്തു ശുചീകരണ തൊഴിലാളികളെ അനിരുദ്ധന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കണ്ടാല്‍ അറയ്ക്കുന്ന സാഹചര്യങ്ങളില്‍ ജോലി ചെയ്തിരുന്ന മലം ചുമട്ടുകാരുടെ തൊഴില്‍ സുരക്ഷിതത്വത്തിനും പുനരധിവാസത്തിനും വേണ്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്‍നിരപ്പോരാളിയായി. ഈ സമരത്തിനു ജൂബാ രാമകൃഷ്ണപിള്ളയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തലച്ചുമടായി മലമടക്കമുള്ള വിസര്‍ജ്യവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ തൊഴിലാളികളുടെ ശരീരമാസകലം ഇവ ഒലിച്ചിറങ്ങുമായിരുന്നു.

തൊഴിലാളികള്‍ക്കു നല്‍കിയിരുന്ന തൊട്ടികള്‍ ദ്വാരമുള്ളവയായതിനാല്‍ തന്നെ സമരത്തിന്റെ പ്രധാന ആവശ്യം ഓട്ടയില്ലാത്ത തൊട്ടിനല്‍കുകയെന്നതായിരുന്നു. പട്ടം താണുപിള്ളയുടെ കാലത്തായിരുന്നു സമരം. ഈ സമരമാണു പിന്നീടു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സംഘടിത സംഘടനയ്ക്കു ജന്മം നല്‍കിയത്. പി.കെ വാസുദേവന്‍ നായരും എം.എസ് ശ്രീനിവാസനുമായുള്ള അടുപ്പം അനിരുദ്ധനെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിച്ചു. പിന്നീടങ്ങോട്ടു ജില്ലയില്‍ രാഷ്ട്രീയ രംഗത്തു അനിരുദ്ധന്‍ കീരീടം വയ്ക്കാത്ത രാജാവായി. പാര്‍ലമെന്ററി രംഗത്തും അനിരുദ്ധന്‍ ഏറെ ശ്രദ്ധേയനായി. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയ്‌ക്കെതിരെ കന്നിയങ്കം കുറിച്ചു. ആയിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമാണു പ്രതാപിയായിരുന്ന പട്ടം വിജയിച്ചത്. തുടര്‍ന്നു പട്ടം താണുപിള്ള ഗവര്‍ണറായതിനെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ അനിരുദ്ധന്‍ വീണ്ടും മത്‌സരിക്കുകയും നിയമസഭാംഗമാകുകയും ചെയ്തു.

1967-ല്‍ ചിറയില്‍കീഴ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും അദ്ദേഹം ലോക്‌സഭാംഗവുമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അനിരുദ്ധന്‍ സിപിഎമ്മിനൊപ്പം നിന്നു. 1965-ല്‍ ജയിലില്‍ കിടന്നുകൊണ്ടു അദ്ദേഹം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചതു ഒരുപക്ഷേ തലസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സവിശേഷതകളില്‍ ഒന്നാണ്. പ്രബലനായ മുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കറിനെയാണു അദ്ദേഹം പരാജയപ്പെടുത്തിയത്. ജയിന്റ് കില്ലറെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം അനിരുദ്ധനു ചാര്‍ത്തിയ വിശേഷണം. 1979-ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും 1980-ല്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും അദ്ദേഹം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥകാലത്തടക്കം ആറുവര്‍ഷത്തോളം ജയില്‍ വാസം അനുഭവിക്കേണ്ടിവന്നു. വിശ്വകേരളമെന്ന പത്രത്തിന്റെ പത്രാധിപരായും അനിരുദ്ധന്‍ പ്രവര്‍ത്തിച്ചു.

ദേശാഭിമാനി കൊച്ചി എഡിഷന്‍ തുടങ്ങും മുമ്പു സിപിഎമ്മിനു വേണ്ടി തിരുകൊച്ചി മേഖലയില്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രമായിരുന്നു വിശ്വകേരളം. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം നേപ്പാള്‍, ബര്‍മ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കമ്മ്യൂണിസ്റ്റു കൊടിമരങ്ങള്‍ നാട്ടാന്‍ ഏറെ വിഷമിച്ചിരുന്ന കാലഘട്ടത്തില്‍ സ്വന്തം തടിമിടുക്കുകൊണ്ടു മാത്രം അനിരുദ്ധന്‍ പാര്‍ട്ടി കൊടികള്‍ നാട്ടിയെന്നതും ജില്ലയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രമാണ്. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഏതുവേദിയിലും തുറന്നുപറയാന്‍ ധൈര്യം കാട്ടിയ നേതാവായിരുന്നു അനിരുദ്ധന്‍.   അതുെകാണ്ടുതന്നെ പ്രാപ്യമായിരുന്ന അധികാരക്കസേരകള്‍ അദ്ദേഹത്തിനു അപ്രാപ്യമായി. തൊഴിലാളികളാണു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമെന്നു വിശ്വസിച്ചിരുന്ന അദ്ദേഹം എപ്പോഴും അവര്‍ക്കൊപ്പമായിരുന്നു.

സിഐടിയുവിന്റെ സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായി അദ്ദേഹം പ്രവര്‍ത്തിച്ചു. സിപിഎമ്മിനെ ഗ്രസിച്ച വിഭാഗീയതയിലും അനിരുദ്ധന്‍ ഭാഗഭാക്കായി.  സിഐടിയു വിഭാഗത്തെ പാടെ വെട്ടിനിരത്തിയപ്പോള്‍ അനിരുദ്ധനും അതില്‍ ഇരയായി. പാര്‍ട്ടിയുടെ പ്രധാന കമ്മിറ്റികളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. എന്നാല്‍ അപ്പോഴും തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങളില്‍ അനിരുദ്ധന്‍ എന്ന തൊഴിലാളി നേതാവ് ഇടപെട്ടുകൊണ്ടേയിരുന്നു. തൊഴിലാളികളുടെയും സാധാരണ പ്രവര്‍ത്തകരുടെയും മനസില്‍ നിന്നും ജീവിതത്തിന്റെ അവസാനം നിമിഷം വരെ അനിരുദ്ധനെന്ന തന്റേടിയായ നേതാവിനെ വെട്ടിമാറ്റാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല.

Related posts