നഗരത്തിലെ അനധികൃത മത്സ്യ – മാംസ കച്ചവടം: രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി

klm-meetആലപ്പുഴ: നഗരത്തില്‍ അനധികൃതമായി നടത്തുന്ന വഴിയോര മത്സ്യവിപണനവും ലൈസന്‍സില്ലാതെ നടത്തുന്ന ഇറച്ചി കച്ചവടം സംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. നഗരത്തിലെ അനധികൃത മത്സ്യ- മാംസ വില്‍പ്പനക്കാര്‍ക്കും വഴിവാണിഭക്കാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള പോലീസിന്റെ തീരുമാനത്തിന് മുന്നോടിയായാണ് വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ഇത്തരത്തില്‍ വിപണനം നടത്തുന്നവര്‍ക്ക് നഗരസഭാ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നുമുതല്‍ കച്ചവടം തുടര്‍ന്നാല്‍ സാധനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കാനാണ് നഗരസഭ ആരോഗ്യവിഭാഗം തീരുമനാനിച്ചിരിക്കുന്നത്.

നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ മത്സ്യ- മാംസ മാര്‍ക്കറ്റുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങൡും വഴിയോരത്ത് ഇവ വിപണനം ചെയ്യുന്നതായും ഇതുമൂലം പൊതു വഴിയോരം ദുര്‍ഗന്ധ പൂരിതമാകുകയും തെരുവു നായക്കളുടെ ശല്യം വര്‍ധിക്കുന്നതുമായുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി എം.ഇ. ഷാജഹാനും നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ പാതയോരങ്ങളിലെ വിപണന കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചത്. റോഡരുകില്‍ മത്സ്യ വിപണനം നടത്തുന്നവര്‍ തങ്ങളുടെ സാധന സാമഗ്രികള്‍ മത്സ്യമാര്‍ക്കറ്റുകളിലേക്ക് മാറ്റണമെന്നും കഴിഞ്ഞദിവസം നഗരസഭ നിര്‍ദേശിച്ചിരുന്നു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകളുടെ പ്രവര്‍ത്തനത്തിനെതിരെയും ശക്തമായ നടപടികള്‍ വരുംദിവസങ്ങളിലുണ്ടാകും. ഓണത്തോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വഴിവാണിഭം നടത്തുന്നതായി സ്ഥാപിച്ച താത്ക്കാലിക ഷെഡുകളും തട്ടുകളും കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ തടസം സൃഷ്ടിക്കുന്നതിനാല്‍ അവ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദേശിച്ചിരുന്നു. കൂടാതെ റോഡിനോട് ചേര്‍ന്ന് സൂക്ഷിച്ചിട്ടുളള കെട്ടിടനിര്‍മാണ സാധനങ്ങളും ആക്രി സാധനങ്ങളും നീക്കം ചെയ്യാനും കഴിഞ്ഞദിവസം പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നുമുതല്‍ അനധകൃത വഴിയോര വിപണന കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍.

Related posts