ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി എന്‍ഐഎ. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിഫൈസല് ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നീക്കമാണ് എന്‍ഐഎ നടത്തുന്നത്.
ഇയാളെ നാട്ടിലെത്തിച്ചില്ലെങ്കില്‍ സ്വര്‍ണക്കടത്തിലെ എന്‍ഐഎ ആരോപിക്കുന്ന സുപ്രധാന തെളിവുകള്‍ നഷ്ടപ്പെടുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യും. ഇയാള്‍ യുഎഇയില്‍ പോലീസ് അറസ്റ്റു ചെയ്തു ജയിലിലാണ്.
ഫൈസലാണ് യുഎഇയിലെ സ്വര്‍ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തുമായി തനിക്കു ബന്ധമില്ലെന്നും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരേ കേസ് നല്‍കുമെന്നും വ്യക്തമാക്കി ഫൈസല്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരുന്നു.
എന്നാല്‍ പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. തൃശൂര്‍ കൈപ്പമംഗലം പുത്തന്‍പള്ളി തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദ് നാട്ടിലുള്ളതിനേക്കാള്‍ കൂടുതലും വിദേശത്താണ് കഴിഞ്ഞത്.
വീട്ടുകാരും ബന്ധുക്കളുമൊക്കെ ദുബായില്‍ തന്നെയാണ് സ്ഥിരതാമസം. ഫൈസല്‍ ഫരീദിനെതിരേ ഇന്റർപോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിനിടയില്‍ യുഎഇ പോലീസ് ഇയാളെ പിടികൂടി. ഫൈസലിനെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഇയാളുടെ പാസ്പോര്‍ട്ടും ഇന്ത്യ റദാക്കിയിട്ടുണ്ട്.
പിതാവിനെയും മാതാവിനെയും ദുബായിലേക്ക് കൊണ്ടുപോകാനാണ് ഫൈസല്‍ ഫരീദ് അവസാനമായി നാട്ടിലെത്തിയത്. സഹോദരങ്ങള്‍ എല്ലാവരും ഗള്‍ഫിലാണ്.
നാട്ടിലെത്തിയാലും മറ്റുള്ളവരുമായി അകലം പാലിക്കാനാണ് ഇയാള്‍ ശ്രമിക്കാറുള്ളത്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കും ഇയാളെ കുറിച്ച് കൂടുതല്‍ അറിവില്ല.
ഗള്‍ഫില്‍ വിവിധ ബിസിനസുകള്‍ ചെയ്തു വന്നിരുന്ന ഇയാള്‍ക്ക് ആഡംബര കാറുകളുടെ ഒരു ഗ്യാരേജ് ഉണ്ട്. ഗള്‍ഫില്‍ നടക്കുന്ന കാര്‍ റേസിംഗുകളിലും ഇയാള്‍ പങ്കാളിയാണ്.
ഗള്‍ഫില്‍ ഒരു ജിംനേഷ്യവും നടത്തുന്നുണ്ട്.ഫൈസല്‍ ഫരീദ് കള്ളക്കടത്തിലേക്ക് തിരിഞ്ഞത് മറ്റു ബിസിനസുകള്‍ പൊളിഞ്ഞതോടെയാണെന്ന് സൂചന. ഫൈസലിന് യുഎഇ, സൗദി, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ബിസിനസുണ്ട്.
സൗദിയില്‍ എണ്ണക്കച്ചവടം നടത്തിയെങ്കിലും പരാജയപ്പെട്ടു. സിനിമയിലും ബന്ധമുള്ള ഫൈസല്‍ മൂന്നു സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. വിദേശത്തു സ്വര്ണക്കടത്തുമാത്രമല്ല, വജ്രവ്യാപാരവും മയക്കുമരുന്നു കച്ചവടവും ഇയാളുടെ പേരില്‍ ആരോപിക്കപ്പെടുന്നുണ്ട്.
ഇയാള്‍ക്കു മറ്റു വിദേശരാജ്യങ്ങളുമായി ബന്ധമുണ്ട്. അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ബിസിനസുമായി ഇയാള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
ഇയാളെ ഇന്ത്യയ്ക്കു കൈമാറി എന്‍ഐഎ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കേസ് മുന്നോട്ടു പോകുകയുള്ളൂ. അല്ലെങ്കില്‍ എന്‍ഐഎ കേസ് അട്ടിമറിക്കപ്പെടും.
സ്വര്‍ണക്കടത്ത് കേസിനു തീവ്രവാദ ബന്ധമുണ്ടെന്നും ദേശവിരുദ്ധ പ്രവര്‍ത്തനമാണ് പ്രതികള്‍ നടത്തിയതെന്നുമായിരുന്നു എന്‍ഐഎയുടെ ആരോപണം. വിദേശത്തുനിന്നും പണം അയച്ചവരില്‍ പ്രമുഖനാണ് ഫൈസല്‍ എന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.
ഇതെല്ലാം തെളിയിക്കാന്‍ ഫൈസലിനെ എന്‍ഐഎയ്ക്കു കിട്ടണം. എന്‍ഐഎയുടെ നീക്കവും ഫൈസലിനുവേണ്ടിയാണ്.