വടക്കഞ്ചേരി: നായ്ക്കള്‍ ഓടിപ്പിച്ച പുള്ളിമാന്‍ വീടിനുള്ളില്‍ കയറി രക്ഷപ്പെട്ടു. സമീപത്തൊന്നും വനപ്രദേശമില്ലാത്ത വടക്കഞ്ചേരി ടൗണിനടുത്ത് പാളയത്ത് ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. നായ്ക്കള്‍ ഓടിച്ച് അവശനായ നാലുവയസുള്ള ആണ്പുള്ളിമാന് പാളയം സെന്ററിലുള്ള ആണ്ടിമാഷുടെ വീടിനുള്ളിലാണ് അഭയംതേടിയത്.പാളയത്ത് മാന്‍ എത്തിയെന്ന വാര്‍ത്ത പരന്നതോടെ വാഹനങ്ങളിലും മറ്റുമായി നിരവധിയാളുകളും തിങ്ങിനിറഞ്ഞു.
ആള്‍ക്കുട്ടത്തെ കണ്ടതോടെ മാനും വെപ്രാളത്തിലായി. പിന്നീട് മുറിക്കുള്ളില്‍ മാനിനെ ആക്കി വാതിലടച്ചു. സ്ഥലത്തെത്തിയ പാളയം പ്രദീപ് അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി മാനിനെ പിന്നീട് പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തിന്റെ പോത്തുചാടി ഭാഗത്തു വിട്ടയച്ചു. മാനിനു മുറിവുകളൊന്നുമില്ലെന്ന് ഫോറസ്റ്റര്‍ ശശികുമാര്‍ പറഞ്ഞു. കാട്ടില്‍ നിന്നിറങ്ങിയ മാനിനെ നായ്ക്കള്‍ ഏഴോളം കിലോമ്ീറ്റര് ഓടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. പുറംകാടുകളില്‍ ജലക്ഷാമം രൂക്ഷമായതും മൃഗങ്ങള്‍ കാടിറങ്ങാന്‍ കാരണമാകുന്നുണ്ട്.