പാലക്കാട്: വാളയാര്‍ വനമേഖലയില്‍ വീണ്ടുമൊരു കാട്ടാനകൂടി തീവണ്ടിയുടെ ഇരയായി. ഇതോടെ ഒരുമാസത്തിനിടെ മൂന്നോളം കാട്ടാനകളാണ് ഇവിടെ കൊല്ലപ്പെട്ടത്. അധികൃതരുടെ അശ്രദ്ധയാണ് വനമേഖലയിലെ തീവണ്ടിപാതകള്‍ കാട്ടാനകളുടെ ദുരന്തപാതയാകുന്നതിന് പിന്നില്‍. പ്രോജക്ട് എലിഫെന്റ് മേഖലകൂടിയായ കോയമ്പത്തൂര്‍-വാളയാര്‍ വനമേഖലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ എട്ടിമടയ്ക്കു സമീപമാണ് ഇരുപത് വയസ് വരുന്ന പിടിയാന തല്‍ക്ഷണം കൊല്ലപ്പെട്ടത്.
വാളയാര്‍-മധുക്കര മേഖലയില്‍ നാല്‍പ്പതു കിലോമീറ്ററില്‍ താഴെമാത്രം വേഗം നിയന്ത്രണംവേണമെന്നാണ് രേഖകളിലുള്ളത്. പക്ഷേ, നൂറുകിലോമീറ്ററിലധികം വേഗതയില്‍ ട്രെയിനുകള്‍ ഇതിലൂടെ കടന്നുപോകുന്നത് പതിവാണ്. ക്രിയാത്മക നടപടികളെടുക്കേണ്ട വനംവകുപ്പുകള്‍ നിഷ്ക്രിയരായി നോക്കി നില്‍ക്കുകയാണ്. റയില്വേയാകട്ടെ പലവിധ പ്രസ്താവനകള്‍ നല്കി തടിതപ്പുന്നതായി കേരള-തമിഴ്നാട് വന്യജീവി സംരക്ഷകര്‍ ആരോപിക്കുന്നു. 24 ആനകള്‍ ഇവിടങ്ങളില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിലേറെയായി ട്രെയിനിടിച്ചുതന്നെ കൊല്ലപ്പെട്ടിട്ടുണ്ട്.
ആനകളെ ട്രാക്കില്‍ കയറ്റാതിരിക്കാന്‍ കരണ്ടുവേലി, മുള്ളുവേലി, മുളകുവേലി തുടങ്ങിയ വിവിധ മാര്‍ഗങ്ങള്‍ റെയില്‍വേയും വനംവകുപ്പും കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. വീണ്ടും ഇതുപോലുള്ള വിദ്യകളുമായി മുന്നോട്ടുപോയാല്‍ അതും പരാജയപ്പെടുമെന്ന് ഈ മേഖലയില്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി പഠനം നടത്തുന്ന വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ്യുടെ പ്രോജക്ട് ഓഫീസര്‍ കൂടിയായ എസ്. ഗുരുവായൂരപ്പന് അഭിപ്രായപ്പെട്ടു.
ആനകളുടെ സ്വതന്ത്ര സഞ്ചാരമേഖലയില്‍ രാജ്യത്തെ മറ്റെല്ലായിടത്തും ഇത് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രാജാജി നാഷണല്‍ പാര്‍ക്കുപോലുള്ള സ്ഥലങ്ങളില്‍ വേഗതകുറച്ച കാരണം കൊണ്ടുമാത്രം ട്രെയിനിടിച്ചുള്ള ആനകളുള്പ്പടെയുള്ള വന്യജീവിനാശം കുറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കൂടുതല്‍ വഷളാക്കുന്നതില്‍ എന്തെങ്കിലും ഗൂഢഉദ്ദേശങ്ങള് ഉണ്ടാവാനുള്ള സാധ്യതയും വന്യജീവി സംരക്ഷകര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാരിലേക്ക് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം കൂടെ കൂട്ടിച്ചേര്‍ക്കുമെന്ന് ഇവര്‍ അറിയിച്ചു.