മുളങ്കുന്നത്തുകാവ്: നിവിന്‍പോളിക്ക് പിന്നാലെ സൂപ്പര്‍താരം പൃഥ്വിരാജും തൃശൂര്‍ മെഡിക്കല്‍ കോളജില്‍. ആരാധകര്‍ പേടിക്കണ്ട, അസുഖം ബാധിച്ചല്ല, ഷൂട്ടിംഗിന് വേണ്ടിയാണ് മലയാളത്തിലെ ഈ രണ്ട് പ്രമുഖ താരങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രം കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിലഭിനയിക്കാനാണ് പൃഥ്വരാജ് എത്തിയിരിക്കുന്നത്. നിവിന്‍ പോളിയുടെ സിനിമയുടെ ഷൂട്ടിംഗ് പത്തുദിവസത്തോളമുണ്ട്. പൃഥ്വിരാജിന്റെ ഷൂട്ടിംഗ് ഒരു ദിവസത്തേക്കേയുള്ളു.
മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരവും സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനായി മാറിയിട്ട് നാളേറെയായെങ്കിലും രണ്ടു ഷൂട്ടിംഗ് ഒരേസമയം നടക്കുന്നതും രണ്ട് സൂപ്പര്‍താരങ്ങള്‍ ആശുപത്രിയിലെത്തുന്നതും ഇതാദ്യമായാണ്. രണ്ടിടത്തുമായി അഞ്ഞൂറോളം എക്സ്ട്രാ ആര്ട്ടിസ്റ്റുകളാണുള്ളത്. പൃഥ്വരാജിന്റെ സിനിമയില്‍ ബാലചന്ദ്രമേനോന്, ദിവ്യപിള്ള എന്നിവരും അഭിനയിക്കുന്നുണ്ട്.
നിവിന്‍പോളിയുടെ സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി രണ്ടുലക്ഷം രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. കൂടാതെ കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും ഇവര്‍ നല്കി. നാളെ നിവിന്‍പോളിയുടെ വകയായി മെഡിക്കല്‍ കോളജിലെ എല്ലാ രോഗികള്‍ക്കും ഭക്ഷണവും നല്‍കുന്നുണ്ട്. മെഡിക്കല്‍ കോളജിന് നല്കുന്ന വാടകയ്ക്ക് പുറമെയാണ് സിനിമാക്കാര് മറ്റു സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്. നെഞ്ചുരോഗാശുപത്രിയിലും പുതിയ ആശുപത്രിയിലുമായാണ് ഷൂട്ടിംഗ്. വന്‍തിരക്കാണ് ഷൂട്ടിംഗ് കാണാനുള്ളത്. രോഗികള്‍ക്ക് ശല്യമാകാത്ത വിധമാണ് ഷൂട്ടിംഗ് നടത്തുന്നത്.