നീതി ലഭിക്കുമോ? ജിഷ വധക്കേസില്‍ കുറ്റപത്രം കോടതിയില്‍; ലൈംഗീക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ ജിഷയെ കൊലപ്പെടുത്തിയെന്നു കുറ്റപത്രം; സമര്‍പ്പിച്ചത് 93-ാം ദിവസം

jishaകൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ 93-ാം ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം  പോലീസ് സമര്‍പ്പിച്ചു. ആസാം സ്വദേശി അമീറുള്‍ ഇസഌമിനെ മുഖ്യപ്രതിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്. സൗമ്യവധക്കേസില്‍ സുപ്രീംകോടയില്‍നിന്നേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് ജിഷക്കേസിലെ കുറ്റപത്രം പോലീസ് തയാറാക്കിയത്.

കേസ് സംബന്ധമായി ലഭ്യമായ എല്ലാ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജ രാഷ്ട്രദീപികയോടു പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ പ്രതിക്ക് സ്വപാധിക ജാമ്യത്തിന് അര്‍ഹതയുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു 90-ാം ദിവസം. അന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവധിയായിരുന്നതിനാല്‍ കഴിഞ്ഞില്ല. തൊട്ടടുത്ത രണ്ടുദിവസവും അവധിയായിരുന്നു. പിന്നീടുവന്ന പ്രവൃത്തി ദിനമായ ഇന്നു രാവിലെ കോടയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

കൊല നടത്തുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രം ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തില്‍ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കൊല ചെയ്യപ്പെടുമ്പോള്‍ ജിഷ ധരിച്ചിരുന്ന ചുരിദാറില്‍ പുരണ്ട ഉമിനീരില്‍ നിന്ന് അമീറിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തതാണ് അന്വേഷണ സംഘം ഏറ്റവും നേട്ടമായി കാണുന്നത്.

ലൈംഗീക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, മാനഭംഗം, ദളിത് പീഡന നിരോധന നിയമം തുടുങ്ങിയ കുറ്റങ്ങളാണ് അമീറുള്‍ ഇസ്ലാമിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കൊല നടത്തുന്നതിനു മുമ്പ് വരെ അമീറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനാറുള്‍ ഇസ്ലാമിനെപ്പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നാണ് സൂചന. ഇയാള്‍ക്ക് വേണ്ടി പോലീസ് ആസാമിലും കേരളത്തിലും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഇയാളെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ കാരണം.

ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ പുറംപോക്കില്‍ താമസിക്കുന്ന കുറ്റിക്കാട്ട്‌വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷാമോള്‍(30) ക്രൂരമായി കൊല്ലപ്പെട്ടത്. ആദ്യം പെരുമ്പാവൂര്‍ കോടതിയില്‍ ആരംഭിച്ച കേസ് നടപടിക്രമങ്ങല്‍ പിന്നീട് ദളിത് പീഡന നിരോധന നിയമം ചുമത്തിയതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു.

Related posts