ചാരുംമൂട്: നൂറനാട് എക്‌സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന വാടകക്കെട്ടിടം അപകടാവസ്ഥയില്‍. മഴക്കാലമായതോടെ കെട്ടിടം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണിപ്പോള്‍. ചോര്‍ന്നൊലിക്കുന്ന ഈ കെട്ടിടം അപകട ഭീഷണി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും ആയിട്ടില്ല. നൂറനാട് പാറ ജംഗ്ഷനു സമീപം കനാലിനു അരികിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് കാലപ്പഴക്കം മൂലം അപകടഭീഷണി ഉയര്‍ത്തുന്നത്.
2007 ഏപ്രില്‍ ഒന്നിനാണ് ഈ കെട്ടിടത്തില്‍ എക്‌സൈസ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. മേല്ക്കൂരയിലെ ഓടുകള്‍ പൊട്ടിയും ഭിത്തികള്‍ വിണ്ടുകീറിയും ഏതു നിമിഷമവും തകര്‍ന്നുവീഴാവുന്ന നിലയിലാണ് ഓഫിസ്. മഴവെള്ളം മുറികളില്‍ വീഴാതിരിക്കാന്‍ കെട്ടിടത്തിന്റെ ഓടിനു മുകളില്‍ ടാര്‍പോളിന്‍ഷീറ്റ് കൊണ്ടു മൂടിയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. വിവിധ കേസുകളില്‍ പിടികൂടുന്ന പ്രതികളെ സൂക്ഷിക്കാന്‍ കെട്ടുറുപ്പുള്ള സെല്‍ ഇല്ലാത്തതും ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ അബ്കാരി കേസുകള്‍ കൈകാര്യം ചെയ്യുന്ന ഇവിടെ 21 എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ഭീതിയോടെ ജോലി ചെയ്യുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടറും അസി. എക്‌സൈസ് ഇന്‍സ്‌പെക്ടറും മൂന്നു പ്രിവന്‍റീവ് ഓഫിസര്‍മാരും 14 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുമടക്കം 21 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. മാത്രമല്ല റയ്ഡുകളില്‍ പിടികൂടുന്ന തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതും ഇവിടെ മറ്റൊരു പ്രശ്‌നമാണ്. ചുറ്റും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഓഫിസിനകം പലപ്പോഴും ഇഴജന്തുക്കളുടെ താവളമായി മാറുകയുമാണ്.
മാത്രമല്ല, ചുറ്റുമുള്ള വലിയ അക്കേഷ്യ മരങ്ങള്‍ ഏതുനിമിഷവും കെട്ടിടത്തിനു മുകളിലേക്ക് വീഴാവുന്ന നിലയിലാണ്. എക്‌സൈസ് ഓഫിസിനു സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലാത്തതാണ് പ്രധാന കാരണമായി അധികൃതര്‍ പറയുന്നത്. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ സ്ഥലം ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് സര്‍ക്കാറിനു കത്തെഴുതിയിട്ടുണ്ട്. എന്നാല്‍ പുതിയ സ്ഥലം കണ്ടത്തെി കെട്ടിടം പണിയണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.