നെടുമ്പാശേരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു

tvm-crimebloodനെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം നെടുമ്പാശേരിയിലുള്ള ആപ്പിള്‍ റെസിഡന്‍സിയിലെ അപ്പാര്‍ട്ടുമെന്റില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. ഇതേ തുടര്‍ന്ന് ഐപിസി 174-ാം വകുപ്പു അനുസരിച്ച് ദുരൂഹ മരണത്തിന് പോലീസ് കേസെടുത്തിട്ടുള്ളതായി സിഐ എ.കെ. വിശ്വനാഥന്‍ അറിയിച്ചു.

കൊല്ലം ശാസ്താംകോട്ട -കുന്നത്തൂരില്‍ കാരമല്‍ പുത്തന്‍വീട്ടില്‍ ലിബിന്‍ തോമസ് (30) ആണ് ഉടുതുണിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ബുധനാഴ്ച വൈകുന്നേരം കണെ്ടത്തിയത്.  മൂന്നാമത്തെ നിലയിലെ സി 11/518-ാം നമ്പര്‍ മുറിയിലാണ് മൃതദേഹം ഫാനില്‍ തൂങ്ങി കിടന്നത്. ഡിസംബര്‍ ആറിനാണ് ഇയാള്‍ ഇവിടെ മുറി വാടകയ്‌ക്കെടുത്തത്. ഒരു വര്‍ഷത്തോളം താമസസൗകര്യം വേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നതത്രെ. സിമന്റ്കമ്പനിയില്‍ ഡ്രൈവറാണെന്നാണ് പറഞ്ഞിരുന്നത്.

മൂന്നു ദിവസമായിട്ടും മുറി തുറക്കാതെ ഇരുന്നതിനാല്‍ മറ്റു താമസക്കാര്‍ വിവരം നെടുമ്പാശേരി പോലീസില്‍ അറിയിക്കുകയായിരുന്നു. മുറിയുടെ വാതിലിന്റെ കുറ്റി അകത്തു നിന്നും ഇട്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് കുറഞ്ഞത് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം വമിച്ചിരുന്നു. ഇന്നു രാവിലെ കൊല്ലത്തു നിന്നും ബന്ധുക്കള്‍ എത്തിയശേഷം പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റ്  പൂര്‍ത്തിയാക്കി പോലീസ് സര്‍ജനെ കൊണ്ട് പോസ്റ്റുമോര്‍ട്ടം നടത്തിക്കാന്‍ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.

Related posts