നെന്മാറ: ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തേക്ക് ഉയര്‍ത്തും. കെ.ബാബു എംഎല്‍എ വിളിച്ചുചേര്‍ത്ത ഉപജില്ലയിലെ സ്കൂള്‍ പ്രധാനധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, പിടിഎ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കണ്ടെത്തുന്ന100 വിദ്യാലയങ്ങള്‍ക്കൊപ്പം നെന്മാറ ബോയ്സിലും ഒരുകോടി രൂപ മുടക്കി വികസനം നടപ്പാക്കും. ഉപജില്ലയില്‍ എംഎല്‍എ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി സംബന്ധിച്ചും ചര്‍ച്ച നടത്തി.
എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ മുന്‍ എംഎല്‍എ നടപ്പാക്കിയ പരിപാടികള്‍ ഈ വര്‍ഷവും തുടരും. പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന എസ്എസ്എല്‍സി കുട്ടികളുടെ ഹാജര്‍ ഉറപ്പിക്കാന്‍ ഗൃഹസന്ദര്‍ശനവും ഉപജില്ലയിലെ കുട്ടികള്‍ക്ക് ബോധവത്കരണ പരിപാടികളും നടത്തും.
സര്‍ക്കാര്‍, എയ്ഡഡ് വ്യത്യാസമില്ലാതെ വിദ്യാലയങ്ങളുടെ അടിസ്ഥാനവികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം ഏറ്റെടുക്കും. സ്കൂളുകളിലെ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഡിജിറ്റലാക്കാന്‍ നടപടിയെടുക്കുമെന്നും എംഎല്‍എ പറഞ്ഞു. എഇഒ പി.കൃഷ്ണന്, സമഗ്രവിദ്യഭ്യാസ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എ. ഹാറൂണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.