കാട്ടാക്കട: നെയ്യാര്‍ഡാമില്‍ ഇനി പുതിയ പാലത്തിലൂടെ യാത്ര ചെയ്യാം. 10 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുകയാണ്. ഡാമിന്റെ അടുത്തുള്ള പഴയ പാലത്തിനു സമീപത്താണ് പുതിയ പാലം വരുന്നത്.
നെയ്യാര്‍ഡാമിന്റെ നിര്‍മാണ ഘട്ടത്തില്‍ നിര്‍മിച്ച പാലം അടിയന്തരമായി പൊളിക്കാന്‍ ഡാം സേഫ്റ്റി അധിക്യതരുടെ ഉത്തരവ് വന്നതോടെയാണ് പുതിയ പാലത്തിന്റെ ആശയം ഉരുത്തിരിഞ്ഞത്. ഇപ്പോള്‍ തന്നെ നാശത്തിന്റെ വക്കിലായ പാലം ഡാമിന്റെ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി ആകുമെന്ന് കണ്ടതിനാലാണ് ഈ നിര്‍ദേശം നല്കിയത്. ഡാമില്‍ ആറ്റിന് കുറുകെയാണ് പാലം നിര്‍മിച്ചത്.
ഇതു വഴിയാണ് പന്ത, നിരപ്പുകാല, അമ്പൂരി എന്നിവിടങ്ങളിലേയ്ക്കുള്ള റോഡുകള്‍ പോകുന്ന ത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം ഇപ്പോള്‍ അപകടാവസ്ഥയിലാണ് നില്‍ക്കുന്നത്. ഇത് അറ്റകുറ്റപണികള്‍ നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിരിന്നു. അതിനിടയിലാണ് ഡാം സേഫ്റ്റി അധികൃതരുടെ നിര്‍ദേശം വന്നത്. അണക്കെട്ടിന്റെ ബലത്തിനും ഡാം വഴിയുള്ള യാത്രയ്ക്കുമാണ് പാലം നിര്‍മിച്ചത്. കാലാകാലങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ പാലത്തിന് കേടു വരികയായിരുന്നു. ഇത് മനസിലാക്കിയാണ് പാലം പൊളിക്കാന്‍ നിര്‍ദേശം നല്കിയത്.
ഇതിനെ തുടര്‍ന്ന് പുതിയ പാലത്തിനായി സമ്മര്‍ദമുയരുകയും പണി ആരംഭിക്കാനുള്ള തീരുമാനത്തിലെത്തുകയും ചെയ്തു. പഴയ പാലത്തിന് സമാന്തരമായി ആറിനു കുറുകെ പാലം നിര്‍മിച്ച് ഇപ്പോള്‍ നിലവിലുള്ള റോഡില്‍ ബന്ധപ്പെടുത്താനാണ് പദ്ധതി. ഇതിനായി ഏഴു കോടി അനുവദിച്ചട്ടുണ്ട്.