നെന്മാറ: മഴക്കുറവിനെത്തുടര്‍ന്ന് നെന്മാറ, അയിലൂര്‍ മേഖലയിലെ നെല്പാടങ്ങള്‍ ഉണക്കുഭീഷണിയില്‍. ഉണക്കുഭീഷണിയെത്തുടര്‍ന്ന് കതിരണിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം മോട്ടോര്‍ വെച്ച് അടിച്ചാണ് ഉണക്കില്‍ നിന്നും രക്ഷപ്പെടുത്തുന്നത്. പോത്തുണ്ടി ഡാമിലെ വെള്ളം തുറക്കാതെതന്നെ ഒന്നാം വിളയെടുത്ത് ഞാറ്റടി തയ്യാറാക്കുന്ന രീതിയാണ് പതിവെങ്കിലും ഇത്തവണ ഡാമില്‍ വെള്ളം നിറയാത്തതിനെതുടര്‍ന്ന് രണ്ടാം വിളയ്ക്ക് ഞാറ്റടി ഒരുക്കേണ്ടിവരുമോ എന്ന സംശയത്തിലാണ് കര്‍ഷകര്‍.
പോത്തുണ്ടി ജലസംഭരണിയില്‍ വെള്ളം വളരെ കുറവാണ്. പോത്തുണ്ടി വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന നെന്മാറ, അയിലൂര്‍, മേലാര്‍കോട്, എലവഞ്ചേരി എന്നീ പഞ്ചായത്തുകളിലേയ്ക്ക് കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനും ഈ വെള്ളം ആവശ്യമായിവരും. തുലാവര്‍ഷത്തില്‍ ഡാം നിറയുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കും അധികൃതര്‍ക്കുമുള്ളത്.