നേമം മേഖലയില്‍ സിഗ്നല്‍ ലൈറ്റുകള്‍ മിഴി തുറന്നില്ല; കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

TVM-SINGNALനേമം: സര്‍ക്കാര്‍ അനാസ്ഥ കാരണം കരമന കളിയിക്കാവിള പാതയിലെ നേമം മേഖലയില്‍ സിഗ്നല്‍ലൈറ്റുകള്‍ മിഴി തുറന്നില്ല. സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും പാപ്പനംകോട, കാരയ്ക്കാമണ്ഡപം , വെള്ളായണി, നേമം ജംഗ്ഷനിനുകളിലെ സിഗ്നല്‍ ലൈറ്റുകളാണ് പ്രവര്‍ത്തിക്കാത്തത്. ട്രാഫിക് സിഗ്നലിന്റെ പണി പൂര്‍ത്തിയാക്കി കെല്‍ട്രോണ്‍ ഫ്‌ളാഷ് മോഡില്‍ ഓറഞ്ച് ലൈറ്റ് തെളിയിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. ദിവസവും നിരവധിപേരാണ് ഇവിടെ അപകടങ്ങളില്‍പ്പെടുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട പൊതുമരാമത്ത് അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

കോടികള്‍ മുടക്കി നിര്‍മിച്ച കരമന കളിയിക്കാവിള പാതയിലെ ഓന്നാം ഘട്ടം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ നീറമണ്‍കരയിലും കൈമനത്തുമാണ് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ സിഗ്നല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഓണം എത്തിയതോടെ രോഡില്‍ വാഹന തിരക്കും വര്‍ധിച്ചു. തിരക്കുപിടിച്ച രാവിലെയും വൈകുന്നേരങ്ങളിലും വാഹനയാത്രികരും കാല്‍നടക്കാരും വളരെ ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചുകടക്കുന്നത്. മലയിന്‍കീഴ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പാപ്പനംകോട്ടെ പ്രധാന റോഡിലേയ്ക്ക് പ്രവേശിക്കുന്നതിനും നന്നേ ബുദ്ധിമുട്ടുന്നു.

റോഡിന് വീതി കൂടിയതോടെ കരമന-കളിയിക്കവിള പാതയില്‍ വാഹനങ്ങള്‍ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. മലയിന്‍കീഴ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങളെ പ്രധാന പാതയിലേയ്ക്ക് കടത്തി വിടുന്നതിന് ട്രാഫിക് പോലീസിന്റെയോ വാര്‍ഡന്റെയോ സേവനവും ഇവിടെ ലഭ്യമല്ല. പല ദിവസങ്ങളിലും ട്രാഫിക് പോലീസ് രാവിലെ വൈകിയാണ് എത്തുന്നതെന്ന് പരാതിയുണ്ട്. ഒരുമാസം മുമ്പ് പാപ്പനംകോട് ജംഗ്ഷനില്‍ സ്ത്രീ ലോറി കയറി മരിച്ചതിനുശേഷം പാപ്പനംകോട് ജംഗ്ഷനില്‍ ചില ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെടുത്തിയെങ്കിലും ഫലവത്തായിട്ടില്ല. കാരയ്ക്കാമണ്ഡപത്തും വെള്ളായണി ജംഗ്ഷനിലും റോഡ് മുറിച്ചു കടക്കാന്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നുണ്ട്.

Related posts