നിലമ്പൂര്‍: സാധാരണക്കാരുടെ 90,000 കോടി രൂപ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളെ നോട്ട് പിന്‍വലിക്കല്‍ അനുമതിയില്നിന്നും ഒഴിവാക്കിയതിലൂടെ വലിയൊരു വിഭാഗം ജനങ്ങള്‍ ദുരിതത്തിലായി. സാധാരണക്കാര്‍ വിവാഹത്തിനും, ചികിത്സയ്ക്കുമായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സഹകരണ ബാങ്കുകള്‍ നോട്ടുമാറ്റി നല്കാന് കഴിയില്ലെന്നു വന്നതോടെയാണ് പ്രതിസന്ധിയിലായത്. പരസ്പരം ജാമ്യം നിന്നും, ലഘുവ്യവസ്ഥയിലും വായ്പ ലഭിക്കാന്‍ സഹകരണ ബാങ്കുകളെന്ന ജനകീയ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.
ഇതിനെ തകര്‍ക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാറിന്റെ നയം ഏറ്റവും ബാധിച്ചത് സാധാരണക്കാരെയാണ്. സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വിവാഹ ചെലവിനുള്ള പണം കണ്ടെത്താനുള്ള വഴിയാണ് അടഞ്ഞത്. കച്ചവട സ്ഥാപനങ്ങളുടെ ദിവസ വാടക സഹകരണ ബാങ്കിലുള്ള എന്‍എന്‍ഡി അക്കൗണ്ടിലാണ് കേരളത്തിലെ 97 ശതമാനം വ്യാപാരികളും നിക്ഷേപിക്കുന്നത്. പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിനും വിലക്ക് വന്നതോടെ സഹകരണ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ബാങ്കിന്റെ വായ്പയെടുത്ത് വധുവിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ നൂറുക്കണക്കിന് കുടുംബങ്ങളാണ് കണ്ണീരു പൊഴിക്കുന്നത്. സഹകരണ ബാങ്കുകള്‍ക്കുള്ള വിലക്ക് എന്നു തീരുമെന്ന ആധിയിലാണ് കുടുംബങ്ങള്‍.
സംസ്ഥാനത്ത് 15,287 സഹകരണ ബാങ്കുകളാണുള്ളത്. ഇവയിലുള്ള 90,000 കോടി നിക്ഷേപത്തില്‍ പലതും കള്ളപ്പണമാണെന്നു പ്രചാരണം നടത്തി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുകയും ബന്ധപ്പെട്ട ചില നേതാക്കള്‍ അപവാദ പ്രചാരണം നടത്തുകയും ചെയ്തതോടെയാണ് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്കുള്ള ഇളവും പിന്‍വലിച്ചത്. റിസര്‍വ് ബാങ്കിന്റെ ആദ്യ സര്‍ക്കുലറില്‍ സംസ്ഥാന സഹകരണ ബാങ്കിനും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും മാത്രമാണ് നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ നല്‍കിയത്.
ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയുള്ള ജില്ലാ സഹകരണബാങ്കുകള്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ജില്ലാ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിച്ചുള്ള നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെങ്കിലും, കഴിഞ്ഞദിവസം പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു. ഷെഡ്യൂള്‍ഡ് ബാങ്കുകളിലേതുപോലെ അന്പതിനായിരത്തിന് മേലുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിബന്ധനയും ഉയര്‍ന്ന മൂല്യമുളള ഇടപാടുകളെ നിരീക്ഷണ പട്ടികയിലേക്ക് മാറ്റുന്ന വ്യവസ്ഥയും സഹകരണസ്ഥാപനങ്ങളില്‍ ഇല്ല.
പ്രാഥമിക സഹകരണ ബാങ്കുകള്‍ ആദായനികുതി ഘടനയുടെ പട്ടികയില്പെടുന്നില്ല. മാത്രമല്ല, സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് കിട്ടുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടതുമില്ല. ഇതൊക്കെയാണ് റിസര്‍വ് ബാങ്കിനും ആദായനികുതി വകുപ്പിനും സഹകരണ ബാങ്കുകളെ ഒതുക്കാനുള്ള ന്യായീകരണങ്ങള്‍. കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പോരാട്ടത്തിന്റെ പേരില്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടാല്‍ തകരുന്നത് ജനകീയ സാമ്പത്തിക സംവിധാനമായിരിക്കുമെന്ന് എല്ലാ സംഘടനകളും മുന്നറിപ്പു നല്‍കിക്കഴിഞ്ഞു. സാധാരണക്കാര്‍ക്ക് പെട്ടെന്ന് വായ്പകള്‍ കിട്ടുന്നതും തിരിച്ചടവിന് സാവകാശം കിട്ടുന്നതും കിട്ടാക്കടത്തിന്റെ ബാദ്ധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും ഏത് തരത്തിലുള്ള നിക്ഷേപവും സ്വീകരി ക്കുന്നതും ബാങ്കുകളെക്കാള്‍ അരശതമാനം പലിശ കൂടുതലുള്ളതുമാണ് സഹകരണ ബാങ്കുകളെ ജനകീയമാക്കുന്നത്.
പ്രാഥമിക സഹകരണ ബാങ്കുകളില്‍ ശരാശരി 300 കോടിയാണ് നിക്ഷേപം. സഹകരണ ബാങ്കുകളിലെ 500, 1000 രൂപ നോട്ടുകള്‍ എന്തുചെയ്യുമെന്നതിനെ കുറിച്ച് വ്യക്തമായ രൂപമില്ല. ഇതിന്റെ ബാധ്യത ജില്ലാ ബാങ്ക് ഏറ്റെടുക്കണമെന്നതാണ് പോംവഴിയായി ഉയരുന്ന നിര്‍ദ്ദേശം. ജില്ലയിലെ സഹകരണ ബാങ്കുകളുടെ അപ്പക്സ് ബാങ്കായ ജില്ലാ സഹകരണബാങ്കിന് ഇതിനുള്ള അധികാരം റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ല. സമയോചിത ഇടപെടലും നടത്തുന്നില്ല. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിക്കുമ്പോഴും ഇവരുടെ ആശങ്ക തീരുന്നില്ല. ബാങ്കില്‍ നിക്ഷേപിച്ച തുകകള്‍ക്ക് പിഴപ്പലിശ നല്‍കേണ്ടിവരുമോയെന്ന ഭീതിയും നിലനില്‍ക്കുകയാണ്.