കോഴിക്കോട്: ബീച്ചിലെ തണല്‍മരച്ചോട്ടില്‍ കുട മറയാക്കി പരസ്യമായി മദ്യപിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും വെള്ളയില്‍ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വെള്ളയില്‍ എസ്‌ഐ കെ. ഹരീഷിന്റെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പരസ്യമദ്യപാനം ശ്രദ്ധയില്‍പ്പെട്ടതും ഇരുവരും പിടിയിലായതും. കൊടുങ്ങല്ലൂര്‍ സ്വദേശി പാലക്കാട്ട് ഹൗസില്‍ ഗിരീഷും (38), ഇയാളുടെ ബാല്യകാല സുഹൃത്തായ മുപ്പത്തഞ്ചുകാരിയുമാണ് പിടിയിലായത്.
പകുതി കാലിയായ ഫുള്‍ ബോട്ടിലും കുപ്പിവെള്ളവും രണ്ടുഗ്ലാസും കുടക്കീഴില്‍ നിന്നു കണ്ടെടുത്തു. വയനാട് മാനന്തവാടിയില്‍ അധ്യപികയായ യുവതി ഫുള്‍ ഫിറ്റായിരുന്നു. വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.
ഡ്രൈവറായി ജോലിചെയ്യുന്ന ഗിരീഷിന്റെ ബന്ധുക്കളെ കൊടുങ്ങല്ലൂരില്‍ നിന്നു വിളിച്ചുവരുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ഇരുവര്‍ക്കും കുടുംബവും മക്കളുമുണ്ട്. വീട്ടിലറിഞ്ഞാല്‍ കുടുംബം തകരുമെന്ന യുവതിയുടെ അഭ്യര്‍ഥന മാനിച്ച് ഇവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. വനിതാപോലീസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിച്ച് യുവതിയെ മാനന്തവാടി ബസില്‍ കയറ്റിവിട്ടു.