കൊച്ചി: ആയവന കാലാമ്പൂരിലെ ആംഗന്‍വാടിയില്‍ തെരുവുനായയുടെ കടിയേറ്റ രണ്ടു കുട്ടികള്‍ക്കും അധ്യാപികയ്ക്കും 50,000 രൂപ നഷ്ടപരിഹാരം നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശി ഉത്തരവിട്ടു. നഷ്ടപരിഹാരം എത്രയും വേഗം നല്കാന് എറണാകുളം ജില്ലാ കളക്ടറും സാമൂഹ്യനീതി, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും നടപടിയെടുക്കണം. തുക നല്കി രണ്ടു മാസത്തിനകം നടപടി റിപ്പോര്‍ട്ട് കമ്മീഷനില്‍ ഫയല്‍ ചെയ്യണം.
മൊട്ടവുമറ്റത്തില് ജയന്റെ മകന് ആദികൃഷ്ണ, മീനാക്ഷി എന്നീ കുട്ടികളും അധ്യാപിക ഷേര്‍ലി ജോര്‍ജുമാണ് നായയുടെ ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ആദികൃഷ്ണയുടെ പേരില്‍ പിതാവ് ജയന് 30,000 രൂപയും മീനാക്ഷിയുടെ പിതാവ് കുന്നത്ത് സുമേഷിനും അധ്യാപിക ഷേര്‍ലി ജോര്‍ജിനും 10,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം. എം.എന്‍. ജയന്, സനിത സുരേഷ്, ഷേര്‍ലി ജോര്‍ജ് എന്നിവര്‍ സമര്‍പ്പിച്ച പരാതികളിലാണ് നടപടി. ഡോഗ് റൂള്‍സ് നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കുകയില്ലായിരുന്നെന്ന് ജസ്റ്റീസ് കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാട്ടി. ആംഗന്‍വാടിക്ക് ചുറ്റുമതില്‍ ഉണ്ടായിരുന്നെങ്കില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ല. ചുറ്റുമതില്‍ നിര്‍മിക്കേണ്ടത് സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയാണ്. ആംഗന്‍വാടിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകടം ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവാദിത്വമാണ്. തദ്ദേശ സ്വയംഭരണ വകുപ്പും ഇതില്‍ ഉത്തരവാദിയാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.