കാട്ടിക്കുളം: അടുത്തകാലം വരെ കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി ആദിവാസി കോളനിയിലെ കുട്ടപ്പന്റെ (70) താമസം ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കൂരയിലായിരുന്നു. മഴക്കാലമായതോടെ തണുപ്പ് അസഹനീയമായി. കൂടാതെ കാട്ടാനശല്യവും. രക്ഷയില്ലാതെ വീട്ടുകാര്‍ കുട്ടപ്പനെ തകര്‍ന്നുവീഴാറായ കൂരയില്‍നിന്ന് എടുത്ത് തൊട്ടുമുകളിലുള്ള പുതിയ വീട്ടില്‍ കിടത്തി. അവിടെയോ? കക്കൂസില്ല, വൈദ്യുതിയില്ല, വീട്ടില്‍ അടുക്കളയുമില്ല. പുതിയ വീടും പഴയ വീടും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. പഴയ വീട് ചോരുന്നുണ്ട്. അടുത്തിടെ മേല്‍ക്കൂരയിട്ട പുതിയ വീടിനുമുണ്ട് ചോര്‍ച്ച. പൊട്ടിയ ഓടുവച്ചതാണ് കാരണം. പഴയ വീട്ടിലാണിപ്പോഴും കഞ്ഞിവയ്പ്. സാധനങ്ങളും കുറേ അവിടെ തന്നെ.
തിരുനെല്ലി പഞ്ചായത്ത് 11-ാം വാര്‍ഡിലെ താമസക്കാരനാണ് കുട്ടപ്പന്. കൂലിപ്പണിയെടുത്തുകൊണ്ടിരിക്കെ തളര്‍ന്നുവീണ കുട്ടപ്പനെ മകന് വിജയന് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ടുപോയി ചികിത്സിച്ചു. “”തലച്ചോറിലെ ഞരമ്പ് പൊട്ടിയതാണ്. ഇനി ആശുപത്രിയില്‍ കിടത്തിയതുകൊണ്ടുകാര്യമില്ല”- ഡോക്ടറുടെ വാക്കുകള്‍ കേട്ട് കുട്ടപ്പനെ വിജയന് വീട്ടിലേക്കുതന്നെ കൊണ്ടുവന്നു. തളര്‍ന്നു കിടക്കുന്ന കുട്ടപ്പന് അനങ്ങാന്‍ പോലുമാകില്ല. മലമൂത്ര വിസര്‍ജനം കിടന്ന കിടപ്പില്‍. പരിചരിക്കാന്‍ രണ്ടാളുകള്‍ വേണം. തണുപ്പ് മാറ്റാന്‍ ഭാര്യ മീനാക്ഷി ഇടയ്ക്കിടെ റൂമിനുള്ളില്‍ വിറകിട്ട് തീ കത്തിക്കും. വീട്ടില്‍ വൈദ്യുതിക്കായി വയറിംഗ്് കഴിച്ചുവെന്നാല്ലാതെ ഇതുവരെ ഹോള്‍ഡറുകളോ സ്വിച്ചുകളോ മീറ്ററോ സ്ഥാപിച്ചിട്ടില്ല. വീടിന്റെ പണി പൂര്‍ത്തീകരിച്ചു തരാന്‍ പല തവണ കരാറുകാരനോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. പക്ഷെ ഒരു കാര്യവുമില്ല. മഴക്കാലമായതോടെ വീണ്ടും ട്രൈബല്‍ ഓഫീസറെ കണ്ടു. വീട് പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഒച്ചപ്പാടുണ്ടാക്കുമെന്ന് പറഞ്ഞപ്പോള്‍ എല്ലാം ശരിയാക്കാമെന്ന പതിവ് പല്ലവി.
“”അടുത്തിടെ ഒരു ദിവസം ഞാന്‍ വീട്ടിലില്ലായിരുന്നു. ഒരാള്‍ വന്ന് തിടുക്കത്തില്‍ വാതിലും ജനലുകളും പിടിപ്പിച്ചു. ആരെയോ ബോധിപ്പിക്കാനുള്ള പ്രവൃത്തിയാണെന്ന് കണ്ടാലറിയാം. വാതിലിന്റെ കുറച്ചുഭാഗം അടര്‍ന്നുപോയി. ഉള്ളില്‍ നിന്ന് പൂട്ടാന്‍ കഴിയില്ല”- കുട്ടപ്പന്റെ മകന് വിജയന് പറഞ്ഞു. വേട്ടകുറുമ വിഭാഗത്തില്‍പ്പെട്ട കുട്ടപ്പന് പിവിടിജി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷം മുമ്പാണ് വീട് അനുവദിച്ചത്. മൂന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിഹിതം. ഇതുകൊണ്ട് നിര്‍മിക്കുന്ന വീട്ടില്‍ അടുക്കള, പുകയില്ലാത്ത അടുപ്പ്, വൈദ്യുതീകരണം, കക്കൂസ് എന്നിവയെല്ലാം ഉണ്ടാകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കുട്ടപ്പന്റെ വീട്ടില്‍ വൈദ്യുതി, കക്കൂസ്, അടുപ്പ് തുടങ്ങിയ സൗകര്യങ്ങളില്ല. എല്ലാറ്റിനും വീട്ടുകാര്‍ അടുത്ത വീടിനെ ആശ്രയിക്കണം. കിട്ടിയ പണമെല്ലാം കരാറുകാരനെ ഏല്‍പ്പിച്ചതായി വിജയന് പറഞ്ഞു.
ഇതിനിടെ കരാറുകാരനെ സഹായിക്കാനായി വീട് പണി മുഴുവനായി പൂര്‍ത്തീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ട്രൈബല്‍ അധികൃതര്‍ നല്‍കിയതായി സംശയമുണ്ടെന്നും വിജയന് പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് വൈദ്യുതിയില്ലാതെ രാത്രിയില്‍ മണ്ണെണ്ണ വിളക്കിന്റെ മാത്രം വെളിച്ചത്തില്‍ ജീവിക്കേണ്ടതിന്റെ ബുദ്ധിമുട്ട് മീനാക്ഷി പങ്കുവച്ചു.വീടിനോട് ചേര്‍ന്ന് വനമായതിനാല്‍ മിക്ക ദിവസവും വന്യമൃഗങ്ങള്‍ ഇറങ്ങും. വനത്തിനോട് ചേര്‍ന്ന് കമ്പിവേലി സ്ഥപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ആനയ്ക്ക് പ്രശ്നമില്ല. മരം പിഴുതിട്ട് ആന കമ്പിവേലി നശിപ്പിക്കും. എന്നിട്ടാണ് നാട്ടിലിറങ്ങുന്നത്. വൈദ്യുതി കൂടിയില്ലാത്തതിനാല്‍ രാത്രിയാകുമ്പോള്‍ പേടി കൂടും. മീനാക്ഷി ഇതു പറഞ്ഞത് പണിപൂര്‍ത്തിയാകാത്ത വീടിനോടു ചേര്‍ന്നു നില്ക്കുന്ന വൈദ്യുതി പോസ്റ്റിന്റെ ചുവട്ടില്‍ നിന്നാണ്.
പണമെല്ലാം കരാറുകാരന് വാങ്ങിയെങ്കില്‍ ബാക്കി പണികള്‍ ചെയ്യാത്തതെന്താണ്? ഉദ്യോഗസ്ഥര്‍ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? എന്നൊക്കെയാണ് മീനാക്ഷിയുടെ ചോദ്യങ്ങള്‍. ടാറിട്ട വഴിയില്‍ നിന്ന് 500 മീറ്ററോളം ദൂരം നടവഴിയാണ് കോളനിയിലേക്കുള്ളത്. മഴക്കാലമായാല്‍ ട്രിപ്പീസുകളിക്കാര്ക്കേ ഇതിലുടെ നടക്കാനാവു. ഇതിലൂടെ സ്ട്രെച്ചറില്‍ കിടത്തിയാണ് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് വിജയനും ബന്ധുക്കളെ കുട്ടപ്പനെ ആശുപത്രിയില്‍ എത്തിച്ച് ഡോക്ടറെ കാണിച്ചത്. പ്രതികരിക്കണമെന്നുണ്ട് വിജയന്. പക്ഷെ അച്ഛന്റെ വീഴ്ചയും ജീവിതദുരിതങ്ങളും തളര്ത്തിക്കളയുകയാണീ കൂലിപ്പണിക്കാരനെ.