ന്യൂയോര്‍ക്ക്: വിമാനത്തിലിരുന്നു ഗണിത സമവാക്യങ്ങള്‍ കുത്തിക്കുറിച്ച ഇറ്റാലിയന്‍ സാമ്പത്തിക വിദഗ്ധനെ ഭീകരനായി തെറ്റിധരിച്ച യാത്രക്കാരി വിമാനം രണ്ടുമണിക്കൂറോളം വൈകിപ്പിച്ചു. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറായ ഗ്വീഡോ മെന്‍സിയോ എഴുതിയ ഗണിതസമവാക്യങ്ങള്‍ ഭീകരരുടെ കോഡാണെന്നു തെറ്റിധരിക്കപ്പെട്ട യാത്രക്കാരി പരാതിപ്പെട്ടതോടെയാണ് വിമാനം വൈകിയത്. മെന്‍സിയോ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഫിലാഡല്‍ഫിയയില്‍ നിന്നു സിറാകുസിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണു സംഭവം. ഒന്റാറിയോയിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണത്തിനു പോവുകയായിരുന്നു മെന്‍സിയോ. ഇതിനിടെ, അദ്ദേഹം ഗണിതപ്രശ്‌നങ്ങള്‍ എഴുതുന്നതു ശ്രദ്ധയില്‍പ്പെട്ട സഹയാത്രികയ്ക്കു മെന്‍സിയോയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും വിമാന ജീവനക്കാരോടു വിവരം അറിയിക്കുകയുമായിരുന്നു. അദ്ദേഹം ഭീകരരുടെ രഹസ്യകോഡാണെന്ന് എഴുതുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനം ഉടന്‍തന്നെ തിരികെവിട്ടു.
വിമാനത്താവളത്തില്‍ തിരികെയിറങ്ങിയ വിമാനത്തില്‍നിന്നു ആദ്യം പരാതിക്കാരിയായ യാത്രക്കാരിയേയും പിന്നീട് മെന്‍സിയേയും പുറത്തിറക്കി. എഫ്ബിഐ ഉദ്യോഗസ്ഥരെന്നു തോന്നിപ്പിക്കുന്നവര്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഗണിതപ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരി താന്‍ ഭീകരനാണെന്നു സംശയിച്ചിരുന്നതായി അപ്പോഴാണു താന്‍ മനസിലാക്കിയത്. സംഭവം തന്നെ ചിരിപ്പിച്ചെന്നും മെന്‍സിയോ ഫേസ്ബുക്കില്‍ കുറിച്ചു.
വിമാനം വൈകിയെന്നും എന്നാല്‍ യാത്രക്കാരുടെ പരാതി പരിഹരിക്കാനുള്ള പതിവുനടപടിക്രമങ്ങള്‍ മാത്രമാണ് എടുത്തതെന്നും വിമാന കമ്പനി അറിയിച്ചു. മെന്‍സിയോയെ ഭീകരനായി ചിത്രീകരിച്ച യാത്രക്കാരി മറ്റൊരു വിമാനത്തിലാണു തുടര്‍യാത്ര ചെയ്തത്.