ഹരുണി സുരേഷ്
ചെറായി: അറുപത്തിനാലിന്റെ നിറവിലും തന്റെ ശരീരഭംഗിയും ഫിറ്റ്നസും കാത്തുസൂക്ഷിക്കുന്ന രാജന് ആശാന് എന്ന പനച്ചിക്കല്‍ രാജഗോപാലകൃഷ്ണന്‍ നാട്ടുകാര്‍ക്ക് അല്‍ഭുതമാകുകയാണ്. നിത്യവും മൂന്ന് മണിക്കൂറിലധികം കായിക പരിശീലനം നടത്തിവരുന്ന ഇദ്ദേഹത്തിനു പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ് ഈ ബോഡി ഫിറ്റ്നസ് പ്രേമം. ഇത് പൂവണിയാന്‍ അന്ന് ചെറായി ജിംനേഷ്യത്തില്‍ ചേര്‍ന്ന ഇദ്ദേഹം അവിടത്തെ ഏറ്റവും പ്രായംകുറഞ്ഞ വിദ്യാര്‍ഥിയായിരുന്നു. പിന്നീട് നിരവധി മാസ്റ്റര്‍മാരുടെ കീഴില്‍ കായിക പരിശീലനം നടത്തി. ഇതോടൊപ്പം മര്‍മ്മ അഭ്യാസങ്ങളും പഠിച്ചു.
ശരീര സൗന്ദരമത്സരങ്ങളില് സംസ്ഥാന- ജില്ലാതലത്തിലും അല്ലാതെയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. ഇതിനിടെ 1973ല്‍ ചെറായി ഗൗരീശ്വരത്ത് ആംസ്ട്രോംങ് ജിംനേഷ്യന്‍ സെന്റര്‍ എന്ന പേരില്‍ സ്വന്തമായി ഒരു സ്ഥാപനവും തുടങ്ങി. ഇപ്പോള്‍ 43 വര്‍ഷം പിന്നിടുന്ന ഈ സെന്ററിനെക്കുറിച്ച് പറയാനും വിശേഷങ്ങള്‍ ഒട്ടേറെയുണ്ട്.
പലയിടത്തും വന്‍ തുക ഫീസ് ചുമത്തി ജിംനേഷ്യങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ ആധുനിക സൗകര്യങ്ങളോടെ കായിക പരിശീലനം നല്കാന് വെറും 100 രൂപ മാത്രം ഫീസ് മതിയെന്നതാണ് പ്രത്യേകത. മാത്രമല്ല നിര്‍ധനരായ കായിക പ്രേമികള്‍ക്ക് സൗജന്യ പരിശീലനവും രാജന് ആശാന് നല്കിവരുന്നു. 1973 ല്‍ 10 കുട്ടികളെ പരിശീലിപ്പിച്ച് ആരംഭിച്ച സെന്ററില്‍ ഇപ്പോള്‍ 200 ഓളം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ദിവസവും പുലര്‍ച്ചെ അഞ്ചു മുതല്‍ രാവിലെ 8.30 വരെയും വൈകീട്ട് 4.30 മുതല്‍ ഒമ്പത് വരെയും പ്രവര്‍ത്തിക്കും. എറണാകുളം ബോഡി ബില്‍ഡിംങ് അസോസിയേഷനില്‍ അംഗത്വമുണ്ട്.
എന്നാല്‍ നേരത്തെ നിരവധി യുവാക്കളെ മത്സരിപ്പിച്ച് അംഗീകാരം നേടിക്കൊടുത്തിട്ടുള്ള രാജന് ആശാന് കുറച്ച് കാലങ്ങളായി സെന്ററില്‍ നിന്നും ആരെയും മത്സരത്തിനു അയക്കുന്നില്ല. ബോഡി ബില്‍ഡിംഗ് മേഖലയില്‍ പല വിധ മരുന്നുകളുടെ കടന്നുകയറ്റം മത്സരരംഗം കീഴ്പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പിന്മാറ്റം. യുവാക്കള്‍ക്ക് പ്രകൃതിദത്ത ആരോഗ്യം എന്ന മുദ്രാവാക്യത്തെ നിലനിറുത്തിയാണ് താന്‍ പരിശീലിപ്പിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.