മട്ടന്നൂര്‍: പഴശി അണക്കെട്ടിന് ഭീഷണിയായി മണല്‍ വാരുന്നത് വീണ്ടും സജീവമായി. വെളിയമ്പ്ര മേഖലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ചാക്കുകളിലായി നിറച്ചുവച്ച മണലും മണല്‍ വാരാന്‍ ഉപയോഗിക്കുന്ന ചങ്ങാടവും പിടികൂടി. പഴശി അണക്കെട്ടിന്റെ ഭിത്തിക്ക് ഭീഷണിയായി വ്യാപകമായി മണല്‍ വാരല്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ എസ്ഐ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മണലും ചങ്ങാടവും കണ്ടെത്തിയത്. വെളിയമ്പ്ര കൊട്ടാരം പൂക്കുണ്ടില്‍ നിന്നാണ് 80 ചാക്ക് മണലും ചങ്ങാടവും പിടികൂടിയത്.
പുഴയില്‍നിന്നു വാരുന്ന മണല്‍ ചാക്കുകളിലാക്കി ലോറിയില്‍ കയറ്റാന്‍ വിധത്തില്‍ പുഴക്കരയില്‍ വച്ച നിലയിലായിരുന്നു. മണല്‍ വാരുന്നതിനായി ആധുനിക രീതിയിലായിരുന്നു ചങ്ങാടം പുഴയില്‍ നിര്‍മിച്ചിരുന്നത്. ഇത് പോലീസ് പൊളിച്ചുനീക്കി. മഫ്ടിയിലായിരുന്നു പോലീസ് മണല്‍ വാരല്‍ കേന്ദ്രത്തിലെത്തിയത്. ദിവസവും നിരവധി ലോഡ് മണല്‍ ഇവിടെനിന്നു കടത്തുന്നതായാണ് വിവരം. മുമ്പ് പഴശി ഡാം കേന്ദ്രീകരിച്ച് മണല്‍ മാഫിയകള്‍ സജീവമായിരുന്നു.
മണല്‍ മാഫിയക്കെതിരേ നടപടി സ്വീകരിച്ച മട്ടന്നൂര്‍ സിഐ ഉള്‍പ്പെടെയുളള പോലീസുകാരെ മണല്‍ മാഫിയകളുടെ സാധീനം ഉപയോഗിച്ച് സ്ഥലംമാറ്റുകയും പോലീസുകാരെ ആക്രമിച്ച സംഭവം പോലും ഉണ്ടായിരുന്നു. പോലീസ് കര്‍ശന നടപടി സ്വീകരിച്ചതോടെ മണല്‍ വാരുന്നത് കുറഞ്ഞിരുന്നുവെങ്കിലും വീണ്ടും സജീവമായിരിക്കുകയാണ്. പിടികൂടിയ മണല്‍ നിര്മതികേന്ദ്രത്തിന് കൈമാറി.