ജോമി കുര്യാക്കോസ്
കോട്ടയം: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്കെതിരേ നടന്ന ചാവേര്‍ ആക്രമണത്തില്‍ മലങ്കരയിലെ സഭാ വിശ്വാസിക്കള്ക്കിടയിലും ഞെട്ടലും പരിഭ്രാന്തിയും ഉണര്‍ത്തി. ഇന്നലെ നടന്ന ആക്രമണത്തില്‍ നിന്നും ബാവായും മറ്റു മെത്രാപ്പോലീത്താമാരും രക്ഷപ്പെട്ടെന്ന വാര്‍ത്ത ഏറെ സാന്തോഷത്തോടെയാണ് സഭവിശ്വാസികള്‍ സ്വീകരിച്ചത്. ബാവായ്ക്കെതിരേ ആക്രമണം നടന്നെന്ന വാര്‍ത്ത പരന്നതോടെ വൈദീകരുടെയും വിശ്വാസികളുടെയും നിലയ്ക്കാത്ത ഫോണ്‍ വിളിയായിരുന്നു പുത്തന്‍കുരിശ് പാത്രിയര്‍ക്കാ ആസ്ഥാനത്തേക്ക്.
എന്താണ് നടന്നതെന്ന് വിശദീകരിക്കാന്‍ ആദ്യം സഭാ അധികാരികള്‍ക്കു കഴഞ്ഞില്ല. ബാവാ സുരക്ഷിതനാണെന്ന് അറിഞ്ഞതോടെ വിശ്വാസികള്‍ ഏറെ സന്തോഷത്തിലായി. മലങ്കരയുടെ ചുമതലയുള്ള പാത്രിയര്‍ക്കല്‍ സെക്രട്ടറി മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പുത്തന്‍കുരിശിലുള്ള സഭയുടെ ആസ്ഥാനത്തേക്കു വിവരങ്ങള്‍ അറിയിച്ചു. ആക്രമണ വിവരങ്ങള്‍ അറിഞ്ഞതു മുതല്‍ ശ്രേഷ്ഠ ബാവാ പ്രാര്‍ഥനയിലും ഉപവാസത്തിലുമായി. പരിശുദ്ധ സഭയ്ക്കും ബാവായ്ക്കു വേണ്ടി പ്രാര്ഥിക്കണമെന്നു ശ്രേഷ്ഠ ബാവാ പുത്തന്‍കുരിശിലെത്തിയ വിശ്വാസികളോട് ആവശ്യപ്പെട്ടു.
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേംദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ജന്മനാട്ടില് നടന്ന ചാവേറാക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ചാവേറായി വന്ന ഭീകരനും സുരക്ഷാചുമതലയുള്ള സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു. കേരളത്തിലെ യാക്കോബായ സുറിയാനി സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയര്‍ക്കീസ് ബാവ.
പാത്രിയര്‍ക്കീസ് ബാവയുടെ ജന്മനാടായ ഖാമിഷ്ലി ജില്ലയിലെ ഖാതിയില്‍ 1915-ലെ സെയ്ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ഥനാ ചടങ്ങിനിടെയാണ് ആക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കുകയായിരുന്നു പാത്രിയര്‍ക്കീസ് ബാവ. ശരീരത്തില്‍ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിനു അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുന്‍പു തന്നെ ചാവേര്‍ പൊട്ടിത്തെറിച്ചു.
സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. എട്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. പാത്രിയര്‍ക്കീസ് ബാവയ്ക്കു പരുക്കില്ല. വടക്കു കിഴക്കന്‍ സിറയയില്‍ ജനാധിപത്യ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരാണ് സുരക്ഷാസേനയിലുള്ളവര്‍. കുര്‍ദ്–അറബ് സേനയുമായും ഇവര്‍ സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. സംഭവത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ സേനയെ മേഖലയിലേക്ക് അയക്കണമെന്ന് സഭാ നേതൃത്വം അഭ്യര്‍ഥിച്ചു.വടക്കു കിഴക്കന്‍ സിറിയയില്‍ ധാരാളം പള്ളികളുള്ള മേഖലയാണ് ഖാമിഷ്ലി.
നൂറു വര്‍ഷം മുന്‍പു ഓട്ടോമന്‍ ഭരണകാലത്തു പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ ഇവിടെ കൊലചെയ്യപ്പെട്ടിട്ടുണ്ട്. സെയ്ഫോ കൂട്ടക്കൊലയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ കൊല്ലപ്പെട്ടവരെ സഭ വിശുദ്ധന്മാരായാണു കണക്കാക്കുന്നത്. ഇതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു നിര്‍മിച്ച സ്മാരകം ഉദ്ഘാടനംചെയ്യാനും പ്രാര്ഥനയ്ക്കുമായാണ് പാത്രിയര്‍ക്കീസ് ബാവ എത്തിയത്. 2014 മേയ് 29നു 123-ാമത്തെ പാത്രിയര്‍ക്കീസായി സ്ഥാനമേറ്റ പാത്രിയര്‍ക്കീസ് ബാവ കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഏഴിനു കേരള സന്ദര്‍ശനത്തിനുമെത്തിയിരുന്നു.
കഴിഞ്ഞവര്‍ഷവും ഡമാസ്കസില്‍ സെയ്ഫോ കൂട്ടക്കൊലയില്‍ മരിച്ചവരുടെ സ്മാരകത്തിനുസമീപം സ്ഫോടനം നടന്നിരുന്നു. യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും എപ്പിക്സോപ്പല്‍ സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസും അന്നു സ്ഥലത്തുണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബാവയുടെ അരമനയോടു ചേര്‍ന്നുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ ബോംബ് സ്ഫോടനത്തില്‍ മുന്‍പു തകര്‍ന്നിട്ടുണ്ട്. ഐഎസ് ഭീകരരും നിലവിലുള്ള സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരും ഏറെയുള്ള മേഖലയാണ് സ്ഫോടനം നടന്ന സ്ഥലം.
ആലപ്പോ ആര്‍ച്ച് ബിഷപ്പും മലങ്കര സഭാതര്‍ക്ക പരിഹാരത്തിനായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി രണ്ടുവട്ടം കേരളം സന്ദര്‍ശിച്ചിട്ടുള്ളയാളുമായ ഇബ്രാഹിം യൂഹാനോന്‍ മാര്‍ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ആലപ്പോ ബിഷപ്പ് പൗലോസ് യാസാജ് എന്നിവരെ 2013ല്‍ സിറിയയില്‍ തട്ടിക്കൊണ്ടുപോയിരുന്നു. മൂന്നു വര്‍ഷമായിട്ടും ഇവരെക്കുറിച്ചു വിവരമില്ല. ഇന്നലെ സ്ഫോടനം നടന്ന സ്ഥലത്തെ ബിഷപ്പ് മത്ത റോഹേം ഭീകകരുടെ അക്രമണത്തെ തുടര്‍ന്നു ഭദ്രാസനം വിട്ട് യൂറോപ്പില്‍ അഭയം തേടിയിരിക്കുകയാണ്.
പ്രദേശത്തെ ക്രിസ്ത്യാനികള്‍ ഇതോടെചിതറിപ്പോയിരുന്നു. പുതിയ പാത്രിയര്‍ക്കീസ് ബാവ സ്ഥാനമേറ്റ ശേഷം മൂന്നുതവണ ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മലങ്കരയിലെ യാക്കോബായ സുറിയാനി സഭ, ക്നാനായ സുറിയാനി സഭ, പൗരസ്ത്യ സുവിശേഷ സമാജം, പൗരസ്ത്യ സിംഹാസന പള്ളികള്‍ എന്നിവയുടെ പരമാധ്യക്ഷനാണ് അന്ത്യോക്യാ പാത്രിയര്‍ക്കീസ്.