നേമം: പാപ്പനംകോട് നേമം പാത വീണ്ടും അപകടക്കെണിയാകുന്നു. പാത വികസിപ്പിച്ചിട്ട് അപകടങ്ങള്‍ പതിവാകുകയാണ്. കരമന-കളിയിക്കാവിള പാതയുടെ ആദ്യ ഘട്ട വികസനം പൂര്‍ത്തിയായ നീറമണ്‍കര – പ്രാവച്ചമ്പലം റോഡ് കുരുതിക്കളമായി ഇതിനോടകം വിവിധ അപകടങ്ങളില്‍ നിരവധി പേരാണ് മരിച്ചത്. ഇന്നലെയുണ്ടായ അപകടത്തില്‍ കന്യാകുമാരി സ്വദേശിനി തങ്കമണി ലോറി കയറി മരിച്ചിരുന്നു. ഏതാനും ദിവസം മുമ്പാണ് ബൈക്കിടിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ലാലസണ്‍ (82) മരിച്ചത്. വിവിധ അപകടങ്ങളില്‍ എട്ടിലധികം പേര് മരിക്കുകയും ചെയ്തു.
ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്നതോടൊപ്പം തെരുവുവിളക്കുകള്‍ കത്തിക്കാനുള്ള നടപടി കൂടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പരിക്കേല്‍ക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. റോഡിന്റെ വീതി കൂടുതലും വാഹനങ്ങളുടെ അമിത വേഗതയുമാണ് പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നത്. റോഡിലെ പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ അനധികൃതമായി നിരവധി വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്.
റോഡ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ട്രാഫിക് സിഗ്നലുകള്‍ എല്ലായിടത്തും സ്ഥാപിച്ചിട്ടില്ല. നീറമണ്‍കരയിലും കൈമനത്തും മാത്രമേ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പാപ്പനംകോട് ജംഗ്ഷനിലും കാരയ്ക്കാമണ്ഡപത്തും വെള്ളായണിയിലും ട്രാഫിക് ലൈറ്റുകളും പാനലുകളും സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുകയാണ്. പ്രധാന ജംഗ്ഷനായ പാപ്പനംകോട് റോഡ് മുറിച്ചു കടക്കാന്‍ കാല്‍നട യാത്രക്കാര്‍ നന്നേ ബുദ്ധിമുട്ടുകയാണ്. പല പ്രധാന ജംഗ്ഷനില്പോലും ആവശ്യത്തിന് ട്രാഫിക് പോലീസുകാരില്ല.