പാലക്കാട് നിയോജകമണ്ഡലത്തിലെ 76 ബൂത്തുകളില്‍ വിവി പാറ്റ് മെഷീന്‍

PKD-MACHINEപാലക്കാട്: പാലക്കാട് നിയോജകമണ്ഡലത്തില്‍ ആകെയുള്ള 147 ബൂത്തുകളില്‍ 76 ബൂത്തുകളില്‍ മാത്രമാണ് ഇത്തവണ വിവി പാറ്റ് മെഷീന്‍ ഉപയോഗിക്കുകയുള്ളുവെന്ന്  ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. 1350 വരെ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കാന്‍ കഴിയുന്നത്. വോട്ട് ശരിയായ കൃത്യതയോടെ വോട്ടിംഗ്‌മെഷീനില്‍ അതതുസ്ഥാനാര്‍ഥിയുടെ നേര്‍ക്ക് രേഖപ്പെടുത്തുന്നുവെന്ന് വോട്ടര്‍ക്ക് കാണാന്‍ കഴിയുന്ന സംവിധാനമാണ് വി വി പാറ്റ് അഥവാ വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ പദ്ധതി.

സമ്മതിദാനം വിനിയോഗിക്കുമ്പോള്‍ കൃത്യമായി അതാതു സ്ഥാനാര്‍ഥികളള്‍ക്കാണോ ലഭിച്ചത് എന്നു ഉറപ്പിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന്‍  സ്വീകരിച്ച പുതിയ സംവിധാനമാണിത്. ജില്ലയില്‍ പാലക്കാട് മണ്ഡലത്തില്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.  വോട്ട് രേഖപ്പെടുത്തുമ്പോള്‍ വിശദാംശങ്ങള്‍ ഏഴു സെക്കന്റുനേരം സ്ക്രീനില്‍ തെളിഞ്ഞു കാണാവുന്ന പേപ്പര്‍ സ്ലിപ്പും എട്ടാം സെക്കന്റില്‍ പ്രത്യേക ബോക്‌സിലേക്ക് സ്വയം മുറിഞ്ഞുവീഴുന്ന പേപ്പര്‍ സ്ലിപ്പുമാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.

വോട്ടിംഗ് യന്ത്രത്തോടൊപ്പം പ്രത്യേകയൂണിറ്റ് വി വി പാറ്റ് മെഷീനും പേപ്പര്‍സ്ലിപ്പുകള്‍ അടങ്ങിയ പെട്ടിയും പ്രത്യേകം സീല്‍ ചെയ്ത് സൂക്ഷിക്കും. വോട്ട് എണ്ണുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത് പരിഹരിക്കാന്‍ തെളിവായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതില്‍ പ്രിന്റു ചെയ്തുവരുന്ന ഡേറ്റകള്‍ അഞ്ചുവര്‍ഷം വരെ മാഞ്ഞുപോകാതെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

Related posts